Friday, May 22

മലപ്പുറത്തെ പഴയ കാല ഫുട്ബാൾ താരം വടക്കെമണ്ണ സ്വദേശി വി.ടി സൈതലവി അന്തരിച്ചു

മലപ്പുറത്തെ പഴയ കാല ഫുട്ബാൾ താരം വടക്കെമണ്ണ സ്വദേശി വി.ടി സൈതലവി (77) ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതൻ്റെ ജനാസ നമസ്കാരം ഇന്ന്
(22/5/2026 ന് വെള്ളി) വൈകീട്ട് 3 മണിക്ക് വടക്കെമണ്ണ ജുമാ മസ്ജിദിൽ നടക്കും.സൈതലവിക്കയെക്കുറിച്ച് അഞ്ച് വർഷം മുമ്പ് എഫ്ബിയിലെഴുതിയ കുറിപ്പ് വീണ്ടും പോസ്റ്റ് ചെയ്യുന്നു.

വി.ടി.സൈതലവി എന്ന ഫുട്ബാൾ താരം

കോർണർ കിക്കുകൾ ഗോളാക്കിയിരുന്ന മിടുക്കനായൊരു ഫുട്ബാളറുണ്ടായിരുന്നു മലപ്പുറത്ത്.
വി ടി സൈതലവി എന്നാണ് ആ പഴയ കാല കാൽപന്ത് താരത്തിൻ്റെ പേര്.

മലപ്പുറം ഗവ.ഹൈസ്കൂൾ, കോഴിക്കോട് റൈഡേഴ്‌സ്, എം ആർ സി വെല്ലിംഗ്ടൺ എന്നീ ടീമുകൾക്ക് പന്ത് തട്ടിയിട്ടുള്ള ആ മുന്നേറ്റ താരം പുതു തലമുറക്ക് ഒരു പക്ഷെ അപരിചിതനായിരിക്കാം.

മലപ്പുറത്തിനടുത്ത വടക്കെമണ്ണ സ്വദേശിയും എഴുപത്തിമൂന്നുകാരനുമായ സൈതലവി പട്ടാള ജീവിതത്തിനും പിന്നീടുള്ള ബാങ്ക് ജോലിക്കും ശേഷം വിശ്രമ ജീവിതത്തിലാണിപ്പോൾ.

വീടിന് സമീപമുള്ള കടലുണ്ടി പുഴയിലെ മണൽ പുറത്ത് പന്ത് തട്ടിയാണ് സൈതലവിയിലെ ഫുട്ബാൾ താരം വളർന്നത്. പിന്നീട് ചെമ്മങ്കടവ് ഗവ.യു.പി സ്കൂളിലും മലപ്പുറം ഗവർമെൻ്റ് ഹൈസ്കൂളിലും കളി തുടർന്നു. മലപ്പുറം ഹൈസ്കൂളിലെത്തിയയുടനെ തന്നെ അവിടുത്തെ കായികാധ്യാപകനായിയിരുന്ന പറവത്ത് കുഞ്ഞുമ്മു മാസ്റ്റർ ആ മിടുക്കനെ സ്കൂൾ ടീമിലേക്ക് പരിഗണിച്ചു. നേരത്തെ മണൽ പുറത്ത് സൈതലവി നന്നായി പന്ത് കളിക്കുന്നത് കുഞ്ഞുമ്മു മാസ്റ്റർ കണ്ടിരുന്നു.അതു കൊണ്ടു തന്നെ ആ മിടുക്കനെ സ്കൂൾ ടീമിലെടുക്കാൻ ആ കായികാധ്യാപകന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഹൈസ്കൂൾ ടീമിനു വേണ്ടി ആദ്യമായി കളിച്ചത് മഞ്ചേരി ഗവർമെൻ്റ് ഹൈസ്കൂളിനെതിരെയാണ്. ആദ്യ മത്സരത്തിൽ ഗോൾരഹിത സമനിലയിൽ ഇരു ടീമുകളും പിരിഞ്ഞു.രണ്ടാമത്തെ കളിയിൽ 4-0 ത്തിൻ്റെ തകർപ്പൻ വിജയമാണ് മലപ്പുറത്തിനുണ്ടായത്.മലപ്പുറം നേടിയ നാല് ഗോളും സൈതലവിയുടെ കാലിൽ നിന്നായിരുന്നു. ആ ടൂർണമെൻ്റിൽ മലപ്പുറം ഹൈസ്കൂളാണ് ചാമ്പ്യന്മാരായത്.ആദ്യ കളിയിൽ മികച്ച കളി കാഴ്ചവെച്ച സൈതലവി പിന്നീട് ടീമിൻ്റെ അവിഭാജ്യ ഘടകമായി. അടുത്ത വർഷം മലപ്പുറത്ത് നടന്ന സ്കൂൾ ടൂർണമെൻ്റിലും മലപ്പുറം ഗവർമെൻ്റ് ഹൈസ്കൂളാണ് ജേതാക്കളായത്. ആ ടൂർണമെൻ്റിലും സൈതലവി നിരവധി ഗോളുകൾക്കുടമയായി.മലപ്പുറം ഗവ.സ്കൂൾ ടീമിനു വേണ്ടി നാല് കൊല്ലവും വിദ്യഭ്യാസ ജില്ലാ സ്കൂൾ ടീമിനു വേണ്ടി രണ്ട് പ്രാവശ്യവും വടക്കെമണ്ണ സ്വദേശിയായ സൈതലവി കളിച്ചു. സ്കൂൾ ടീമിന് കളിച്ചു കൊണ്ടിരിക്കെ കോഴിക്കോട്ട് നടന്ന മാതൃഭൂമി ഫുട്ബാൾ ടൂർണമെൻ്റിൽ മലപ്പുറത്തെ യൂത്ത് ടീമിനു വേണ്ടി ബൂട്ട് കെട്ടി. അന്ന് ടീമിൽ കൂടെ കളിച്ചവരാണ് കോഞ്ഞൻ, ജാൽറ്റി അബൂബക്കർ, പൂളക്കണ്ണി മൊയ്തീൻ കുട്ടി, പി ആൻറ് ടി അഹമ്മദ് കുട്ടി എന്നിവർ.പിന്നീട് കോഴിക്കോട് യംഗ് ചാലഞ്ചേഴ്സിൻ്റെ യൂത്ത് ടീമായ റൈഡേഴ്സിനും കളിച്ചു. പൂളക്കണ്ണി മൊയ്തീൻ കുട്ടി, എം ആർ സി കൊറ്റൻ എന്നിവരാണ് അന്ന് സഹകളിക്കാരായുണ്ടായിരുന്നത്.

മലപ്പുറം ഗവർമെൻ്റ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ 1967ൽ ആണ് സൈതലവി എം ആർ സി (വെല്ലിംഗ്ടൺ) യിൽ ചേരുന്നത്.കൂടെ മലപ്പുറത്തു നിന്നും സത്താർ, കൊറ്റൻ എന്നിവരുമുണ്ടായിരുന്നു. പതിനെട്ട് വർഷക്കാലമാണ് സൈതലവിയുടെ പട്ടാള സർവീസ്. സിക്കിം, കാശ്മീർ, സിംല, ബാംഗ്ലൂർ, നാഗലാൻറ് എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തിട്ടുണ്ട്. ആ കാലത്ത് ഇന്ത്യയിലെ തന്നെ പ്രശസ്ത ടീമായിരുന്ന എം ആർ സി യുടെ ജൂനിയർ ടീമിനു വേണ്ടിയാണ് കളിച്ചിരുന്നത്. പരിശീലന മത്സരങ്ങളിൽ എം ആർ സിയുടെ സീനിയർ ടീമുമായി കളിക്കാൻ സൈതലവിക്ക് ഒട്ടേറെ അവസരങ്ങളുണ്ടായിട്ടുണ്ട്. അന്ന് മലപ്പുറം ചേക്കു, കൊറ്റൻ, സത്താർ തുടങ്ങിവരായിരുന്നു എം ആർ സി യുടെ സീനിയർ ടീമിലുണ്ടായിരുന്നത്.

ലെഫ്റ്റ് എക്സ്ട്രീമിൻ്റെ റോളിലായിരുന്നു കളിക്കളത്തിൽ സൈതലവി. പന്തുമായി അതിവേഗതയിൽ കുതിച്ചിരുന്ന ആ മുന്നേറ്റ താരം ഇടത് , വലത് കാലുകൾ കൊണ്ട് ഒരു പോലെ പന്ത് തട്ടിയിരുന്നു. എതിരാളികളെ സമർത്ഥമായി കബളിപ്പിച്ച് മുന്നേറി പോസ്റ്റിലേക്ക് നിറയൊഴിക്കാൻ മിടുക്കനായിരുന്നു ആ പട്ടാള താരം.കോർണർ കിക്കുകൾ ഗോളാക്കാനുള്ള കഴിവായിരുന്നു ആ ഫുട്ബാളറുടെ ഏറ്റവും വലിയ പ്രത്യേകത. പല കളികളിലും കോർണർ കിക്ക് വലക്കകത്താക്കി അദ്ദേഹം വിസ്മയിപ്പിച്ചിട്ടുണ്ട്.മലപ്പുറം കോട്ടപ്പടി മൈതാനിയിൽ നടന്ന യൂത്ത് ടൂർണമെൻ്റിലെ മികച്ച പ്രകനമാണ് ആ ഫുട്ബാൾ താരത്തിന് എം ആർ സി യിലേക്ക് സെലക്ഷൻ ലഭിക്കാൻ കാരണം. ആ കളിയിലും സൈതലവി കോർണർ കിക്കിൽ നിന്നും ഗോൾ നേടി സെലക്ടർമാരുടെ മനം കവർന്നിരുന്നു.

കാൽപന്ത് കളിയിലെന്ന പോലെ
അത് ലറ്റിക്സിലും സൈതലവി മിടുക്ക് തെളിയിച്ചിട്ടുണ്ട്. ചെമ്മങ്കടവ് യു പി സ്കൂളിൽ പഠിക്കുമ്പോൾ പെരിന്തൽമണ്ണ താലൂക്ക് തല സ്കൂൾ മീറ്റിൽ 100, 200 മീറ്റർ ഓട്ടത്തിലും ലോങ്ജംബിലും ഒന്നാം സ്ഥാനവും ഹൈജംബിൽ രണ്ടാം സ്ഥാനവും നേടി.മലപ്പുറം ഗവർമെൻ്റ് സ്കൂളിൽ പഠിക്കുമ്പോൾ (ഹൈസ്കൂൾ വിഭാഗം) ജില്ലാതല മത്സരങ്ങളിലും ട്രോഫി കരസ്ഥമാക്കി.

1986 ൽ ആണ് മിലിട്ടറി സർവീസിൽ നിന്നും സൈതലി റിട്ടയർ ചെയ്തത്. തുടർന്ന് ഏതാനും വർഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാസർകോട്, തിരൂർ ശാഖകളിൽ സെക്യൂരിറ്റിയായി ജോലി ചെയ്തു. 2008 ൽ വിരമിച്ചു. ഏതാനും വർഷം മുമ്പ് വീടിന് സമീപത്തു നിന്നും ബൈക്കിടിച്ച് സാരമായി പരിക്കേറ്റിരുന്നു. പരിക്ക് ഭേദമായശേഷം വീട്ടിൽ വിശ്രമത്തിലാണദ്ദേഹം.

വലിയതൊടി കുഞ്ഞഹമ്മദിൻ്റെയും ആച്ചുമ്മയുടെയും നാല് മക്കളിൽ നാലാമത്തവനാണ് സൈതലവി.ചെകിടപ്പുറത്ത് ഖദീജയാണ് ഭാര്യ. മക്കൾ: ജസീന, ജസീർ അഹമ്മദ് (ഓവർസിയർ, കോഡൂർ പഞ്ചായത്ത്), സാദിഖലി (ഫ്ലൈ വൺ ട്രാവൽസ്, മലപ്പുറം).
മലപ്പുറം സോക്കർ ക്ലബ്ബിൻ്റെ പഴയ കാല താരവും നിലവിൽ ക്ലബ്ബ് ജോയൻ്റ് സെക്രട്ടറിയുമായ വി.ടി.റഷീദ് അഹമ്മദ് ജേഷ്ഠ സഹോദര പുത്രനാണ്.
(6/11/2021)

✍️ സലീം വരിക്കോടൻ

error: Content is protected !!