കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി

വേങ്ങര : വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്‍വശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.

നേരത്തെ വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന ഉത്തരവുമുണ്ടായി. ഇതിനു പിന്നാലെ കുന്നുംപുറം ആശുപത്രി വളപ്പില്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രി വികസനത്തിന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നതോടെ ഫയര്‍ സ്റ്റേഷന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിരുന്നില്ല.

തുടര്‍ന്ന് ഫയര്‍ സ്റ്റേഷനായി ആവശ്യം ശക്തമായി വരുകയും ചെയ്ത സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു പിന്നാലെ ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയായിരുന്നു. സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി 2023ല്‍ ദേശീയപാതയ്ക്ക് സമീപം കൊളപ്പുറം സെന്ററില്‍ 40 സെന്റ് റവന്യൂഭൂമി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് കൈമാറുകയും ചെയ്തു. ഇതോടെയാണ് കാത്തിരിപ്പുകള്‍ക്ക് വിരാമം കുറിച്ച് ഫയര്‍ സ്റ്റേഷന്‍ പ്രവൃത്തിക്ക് തുടക്കമായിരിക്കുന്നത്.

വില്ലേജ് ഓഫീസര്‍ ജഗ ജീവന്‍ വി പി, സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രദീപ് എ, സുരേഷ് കെ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂം ഓഫീസര്‍മാരായ പി പ്രദീപ് , ബാബുരാജന്‍ സി, എ ഇ സിദ്ദീഖ് ഇസ്മായില്‍ ബൈജു ജി, താലൂക്ക് സര്‍വേയര്‍ ഫവാസ് മനോജ് കെ, പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി വാര്‍ഡംഗം ഷൈലജ പുനത്തില്‍, സമീര്‍ കെ പി, ദൃജേഷ് എംവി, സലിം സിപി, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അഷ്‌റഫ് കെ ടി, നാസര്‍ മലയില്‍, പി രവികുമാര്‍, നസീര്‍ മദാരി, മുസ്തഫ എടത്തിങ്ങല്‍, ഷറഫുദ്ദീന്‍ സി, റഷീദ് ടി തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!