ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് വ്യാജ മെഡിക്കല്‍ രേഖകള്‍ നല്‍കി ; ഭാര്യക്ക് 5 വര്‍ഷം തടവ്

ചെന്നൈ: ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാന്‍ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഭര്‍ത്താവിനെതിരെ വ്യാജ മെഡിക്കല്‍ രേഖകള്‍ ചമച്ച ഭാര്യയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. കേസിലുള്‍പ്പെട്ട പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഹൈക്കോടതി റെക്കോര്‍ഡ് ചെയ്തപ്പോഴാണ് സത്യാവസ്ഥ കോടതിയ്ക്ക് ബോധ്യപ്പെട്ടത്. കുട്ടിയുടെ അമ്മയ്ക്ക് അഞ്ച് വര്‍ഷം തടവും 6000 രൂപ പിഴയും പ്രത്യേക പോക്സോ കോടതി വിധിച്ചു. പോക്സോ കോടതി ജഡ്ജിയായ എം. രാജലക്ഷ്മിയാണ് വിധി പ്രസ്താവിച്ചത്.

ആറ് വര്‍ഷം മുമ്പാണ് മകളെ പീഡിപ്പിച്ചെന്നാരോപിച്ച് ഇവര്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. 2019 ആഗസ്റ്റ് 20ന് ഭര്‍ത്താവിനെതിരെയുള്ള കേസ് മദ്രാസ് കോടതി തള്ളിയിരുന്നു. ശേഷം പരാതി നല്‍കിയ സ്ത്രീയ്ക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി പോക്സോ കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇവര്‍ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാലമായിരുന്നു അത്. ശേഷം ഇവര്‍ വിവാഹമോചിതരാകുകയും ചെയ്തു.

മകള്‍ പീഡനത്തിനിരയായി എന്നാരോപിച്ച് ഇവര്‍ കോടതിയ്ക്ക് മുന്നില്‍ ചില മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. അതെല്ലാം വ്യാജമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സ്‌കാന്‍ സെന്ററില്‍ ഇവര്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്നു. അവിടെ നിന്നുമാണ് വ്യാജ രേഖകള്‍ തയ്യാറാക്കിയത്. വ്യാജ യൂറിന്‍ ടെസ്റ്റ് റിപ്പോര്‍ട്ടാണ് ഇവര്‍ പോലീസിന് കൈമാറിയത്. അതില്‍ കുട്ടി ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന ഡോക്റുടെ രേഖപ്പെടുത്തലുമുണ്ടായിരുന്നു. സംഭവം വിവാദമായതോടെ കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീടുള്ള പരിശോധനയിലാണ് തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

error: Content is protected !!