
തിരൂരങ്ങാടി: ബലി പെരുന്നാളിന് മുമ്പ് വിതരണം ചെയ്യേണ്ട പെന്‍ഷന്‍ വിതരണം ചെയ്യാതെ വൈകിപ്പിച്ചെന്നാരോപിച്ച് പെരുമണ്ണ ക്ലാരി സഹകരണ ബാങ്കില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് പ്രതിഷേധം. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ഭാരവാഹികള്‍ ബാങ്ക് സെക്രട്ടറിയെ കണ്ട് പ്രതിഷേധമറിയിച്ചു. മെയ് 25-ന് സര്‍ക്കാര്‍ പണം അുവദിച്ചിട്ടും 30-ാം തിയ്യതി വരെ പെന്‍ഷന്‍ വിതരണം ചെയ്യാതെ വൈകിപ്പിച്ചെന്നാരോപിച്ചായിരുന്നു യൂത്ത്‌ലീഗ് പ്രതിഷേധം. പെന്‍ഷന്‍ വിതരണം ചെയ്യാത്ത നടപടി സേവന വീഴ്ച്ചയാണെന്ന് ചൂണ്ടിക്കാട്ടി ഓംബുഡ്മാന് പരാതി നല്‍കും.
വയോജനങ്ങള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ക്ഷേമപെന്‍ഷന്‍ വൈകിപ്പിച്ചതിലൂടെ ബലിപെരുന്നാള്‍ നാളുകളിള്‍ അവര്‍ക്കുണ്ടായ ബുദ്ധിമുട്ട്, സര്‍ക്കാര്‍ അനുവദിച്ച തുക സമയബന്ധിതമായി ഗുണഭോക്തമാക്കള്‍ക്ക് കൈമാറുന്നതിലെ ബാങ്കിന്റെ വീഴ്ച്ച എല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ്, ജനറല്‍ സെക്രട്ടറി ഫസലുദ്ധീന്‍ തയ്യില്‍, ട്രഷറര്‍ ഉസ്മാന്‍ കാച്ചടി, ഭാരവാഹികളായ പി.കെ ഷാഫി, നൗഫല്‍ പെരുമണ്ണ, മനാഫ് പാറയില്‍ നേതൃത്വം നല്‍കി. അതേ സമയം വിതരണത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും പണം ലഭിച്ചയുടനെ വിതരണം ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അനുവദിച്ച ദിവസത്തിനകം തന്നെ പെന്‍ഷന്‍ കൊടുത്ത് തീര്‍ക്കുമെന്നും ബാങ്ക് സെക്രട്ടറി യൂത്ത്‌ലീഗ് ഭാരവാഹികളെ അറിയിച്ചു.