Thursday, August 27

റോഡ് ആര് നന്നാക്കും? അപകടങ്ങൾ ഇനിയും വിളിപ്പാടകലെ !!

തിരൂരങ്ങാടി: കരിങ്കല്ലത്താണി മുതൽ ചെമ്മാട് വരെയുള്ള റോഡിൽ ഹൈലൈറ്റ് മാളിലേക്കുള്ള അനുബന്ധ കറണ്ട് പ്രവൃത്തികൾക്കായി കുഴിച്ച ഭാഗങ്ങൾ മാസങ്ങളായിട്ടും പൂർണമായി പുനഃസ്ഥാപിക്കാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതായി പൊതുപ്രവർത്തകൻ അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.
റോഡ് പുനഃസ്ഥാപിക്കുന്നതിനായി അധികൃതർ നാല് തവണ ടെൻഡർ ക്ഷണിച്ചിട്ടും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നാണ് ബന്ധപ്പെട്ട വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ടെൻഡർ നടപടികൾ പരാജയപ്പെടുന്നത് റോഡ് പുനഃസ്ഥാപിക്കൽ ഇനിയും നീണ്ടുപോകാനുള്ള സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
റോഡിൽ രൂപപ്പെട്ട കുഴികളും തകർന്ന ഭാഗങ്ങളും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കുഴികൾ വ്യക്തമായി കാണാൻ കഴിയാത്തത് ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് വലിയ ഭീഷണിയാണ്. ഇതിന് അകം തന്നെ മൂന്നോളം അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്
“റോഡ് ആര് കരാർ എടുക്കും എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ പോയാൽ, അപകടങ്ങൾ ഇനിയും വിളിപ്പാടകലെ തന്നെയായിരിക്കും. ഒരപകടം മരണം നടന്ന് ഒരു മാസം പോലും ആയില്ല ഇനിയും അധികൃതർ ജാഗ്രത പുലർത്താണൽ അത് ദുരന്തങ്ങളിലേക്ക് നയിക്കും
ഒരു അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിന് പകരം അപകടസാധ്യതയുള്ള സാഹചര്യം മുൻകൂട്ടി പരിഹരിക്കുകയാണ് അധികൃതരുടെ ഉത്തരവാദിത്തം,” മോട്ടോർ ആക്സിഡൻറ് പ്രിവൻഷൻ സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് പറഞ്ഞു.
റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും, ടെൻഡർ നടപടികൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ നിയമാനുസൃതമായ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെട്ട് റോഡ് സുരക്ഷിതമാക്കണമെന്നും, പ്രവൃത്തി വൈകുന്നതിനുള്ള കാരണങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്നും അബ്ദുൽ റഹീം പൂക്കത്ത് ആവശ്യപ്പെട്ടു.

ഫോട്ടോ :- ചെമ്മാട് ടൗണിൽ മാസങ്ങൾക്കു മുമ്പ് എടുത്ത കുഴി

error: Content is protected !!