Sunday, August 30

മഴക്കാലപൂർവ്വ ശുചീകരണം പൂർത്തിയാകാതെ പരപ്പനങ്ങാടി നഗരസഭയിലെ തോടുകളും ഓടകളും; പനി ഭീഷണിയെന്ന് പരാതി

പരപ്പനങ്ങാടി: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയാക്കാത്തതിനാൽ പരപ്പനങ്ങാടി നഗരസഭയിലെ വിവിധ തോടുകളും ഓടകളും മാലിന്യവും ചെളിയും നിറഞ്ഞ് മലിനമായി കിടക്കുന്നതായി പരാതി. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നതിനൊപ്പം കൊതുക് ഉൾപ്പെടെയുള്ള രോഗവാഹകരുടെ പെരുകലിനും ഇത് ഇടയാക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
മഴക്കാലത്തിന് മുന്നോടിയായി നഗരസഭ പരിധിയിലെ തോടുകൾ, ഓടകൾ, ജലനിർഗമന മാർഗങ്ങൾ എന്നിവ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കേണ്ടതുണ്ടെങ്കിലും പല പ്രദേശങ്ങളിലും ആവശ്യമായ ശുചീകരണം നടന്നിട്ടില്ലെന്നാണ് ആരോപണം. മാലിന്യവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളും അടിഞ്ഞുകൂടിയ നിലയിൽ ഓടകളും തോടുകളും കാണപ്പെടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയിൽ പറയുന്നു.
മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് പുരസ്കാരം നേടിയ നഗരസഭയിൽ തന്നെ അടിസ്ഥാന ശുചിത്വ സംവിധാനങ്ങളിലെ ഇത്തരം വീഴ്ചകൾ ഉണ്ടാകുന്നത് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് നഗരസഭ പരിധിയിലെ മുഴുവൻ തോടുകളും ഓടകളും പരിശോധിക്കുകയും, അടിഞ്ഞുകൂടിയ മാലിന്യങ്ങളും ചെളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുകയും, രോഗവ്യാപനത്തിന് ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ ആരോഗ്യ-ശുചിത്വ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.
ഇത് സംബന്ധിച്ച് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി പി സുബൈർ, ടി അബ്ദുറഹീം, പരപ്പനങ്ങാടി നഗരസഭയ്ക്ക് പരാതി നൽകി. പൊതുജനാരോഗ്യത്തിന് നേരിട്ട് ബാധിക്കുന്ന വിഷയമായതിനാൽ പരാതിയിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ഫോട്ടോ :- പാലത്തിങ്ങൽ ഭാഗത്ത് തോടിലും റോഡ് സൈഡിലും അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ദുർഗന്ധം അനുഭവിക്കുന്ന നിലയിൽ

error: Content is protected !!