തിരൂരങ്ങാടി : പി എസ് എം ഒ കോളേജ് അധ്യാപകർക്ക് യൂണിവേഴ്സിറ്റി ഓഫ് കേലെനിയയുടെ കോൺഫറൻസിലേക്ക് ക്ഷണം. ശ്രീലങ്കയിലെ കേലെനിയ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിലേക്ക് പ്രബന്ധം അവതരിപ്പിക്കാൻ പി എസ് എം ഒ കോളേജ് അധ്യാപകരായ ഡോ. ഷിബിനു എസ്, മുഹമ്മദ് ഹസീബ് എൻ എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
മലബാറിൽ നിന്നുള്ള കുടിയേറ്റവും, പ്രവാസി ജീവിതവും ഇന്ന് കാണുന്ന കേരളത്തെ എങ്ങനെ വാർത്ത എടുത്തു എന്നതും, കേരളത്തിന്റെ വികസന മാതൃകയിൽ സ്ത്രീകളുടെ സ്വാധീനവും, മാപ്പിള സാഹിത്യം പ്രവാസ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ,ഇന്ത്യൻ മഹാസമുദ്ര പശ്ചാത്തലത്തിൽ മാപ്പിളപ്പാട്ടിന്റെയും, മാപ്പിള കലകളുടെയും സഞ്ചാരവും പ്രബന്ധത്തിൽ ചർച്ച ചെയ്യും.
ഡിസംബർ 4 മുതൽ 9 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് ഗവേഷകർക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ശബ്ദം, സംഗീതം, ന്യൂനപക്ഷം എന്ന വിഷയത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. തദ്ദേശമായ പാട്ടുകളും കലാരൂപങ്ങളും എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പരിച്ഛേദം ആകുന്നത് എന്നതിനെ ആസ്പദമാക്കിയാണ് കോൺഫറൻസ് നടക്കുന്നത്. മലബാറിനെയും, മാപ്പിള സംസ്കാരത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗവേഷകർക്ക് പരിചയപ്പെടുത്തും.
മാപ്പിളമാരുടെ ചരിത്ര പശ്ചാത്തലവും, മാപ്പിളപ്പാട്ടിലെ കത്ത് പാട്ടും, ഇശലുകളും, നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന മാപ്പിള കലാരൂപങ്ങളെയും ലോകത്തിൻറെ പല ഭാഗത്തുനിന്നുമുള്ള ഗവേഷകർക്ക് പരിചയപ്പെടുത്താൻ സാധിക്കും. പി എസ് എം ഒ കോളേജ് എക്കണോമിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഷിബിനു ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവെലപ്മെന്റിൽ വിസിറ്റിംഗ് ഫെലോ ആണ്.
ജർമ്മനിയിൽ വച്ച് നടന്ന ലോക കുടിയേറ്റ കോൺഫറൻസിലും, ആഗോള ഡയസ്പോറ ഫോറത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ മുഹമ്മദ് ഹസീബ് ഘാനയിൽ വച്ച് നടന്ന അന്താരാഷ്ട്ര മ്യൂസിക്കൽ സമ്മേളനo , കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നടത്തിയ ഗവേഷക വിദ്യാർത്ഥികളുടെ കോൺഫറൻസ് , സൊസൈറ്റി ഫോർ എത്നോമ്യൂസിക്കോളജി കാനഡയുടെ കോൺഫറൻസ് , തുർക്കി യൂണിവേഴ്സിറ്റി നടത്തിയ ഇന്റർനാഷണൽ സെമിനാർ , മലേഷ്യയിലെ സംവേ യൂണിവേഴ്സിറ്റി യുടെ ഇന്ത്യൻ ഓഷ്യൻ ഗവേഷണ പദ്ധതിയിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട് .
മംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ മാപ്പിളപ്പാട്ടിൽ ഗവേഷണം നടത്തി വരുന്നു. കൂടാതെ ഇരുവരും മാപ്പിള കലകളിലും, കുടിയേറ്റത്തിലും നിരവധി പ്രബന്ധങ്ങളും, ബുക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.