വേങ്ങര : ഊരകത്ത് അനധികൃത ക്വാറിയില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ഊരകം മലയിലെ ചെരുപ്പടി ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്വാറിയില്‍ നിന്നും വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. പോലീസ് പരിശോധനക്കെത്തുന്നത് കണ്ട് ക്വാറിയിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടു. ഉടമ മുഹമ്മദ് റിഷാദിനെതിരെ പോലീസ് കേസെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. ആലക്കാടില്‍ അനധികൃത കരിങ്കല്‍ ക്വാറിയില്‍ ജില്ലാ പോലീസ് മേധവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് പരിശോധന നടത്തിയത്. വേങ്ങര പൊലീസും സ്ഥലത്തെത്തിയിരുന്നു. എസ്‌കവേറ്റര്‍, നാലു ലോറികള്‍ പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബോംബ് സ്‌ക്വാഡ് എത്തിയാണ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയത്.
വേങ്ങര ഇന്‍സ്‌പെക്ടര്‍ ദിനേശ് കോറോത്ത്, എസ് സി പി ഒ മുഹമ്മദ് ഫാസില്‍, സി പി ഒ സിറാജുദ്ദീന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്ത്വം നല്‍കി.