തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു.
1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് ‘ദുറൂസുല്‍ ഹസനിയ്യ’ എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസുല്‍ ഹസനിയ്യയില്‍ സംബന്ധിക്കാന്‍ ഡോ. ബഹാഉദ്ദീന്‍ നദ്‌വിക്കു പുറമെ വിവിധ രാഷ്ട്രങ്ങളിലെ മുസ്‌ലിം പണ്ഡിതരും മൊറോക്കോയിലെത്തും.