മലപ്പുറം : വീടിനകത്തു നിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസില്‍ ദമ്പതികള്‍ക്കും ബന്ധുവായ യുവാവിനും 34 വര്‍ഷം കഠിന തടവും മൂന്നു ലക്ഷം രൂപ വീതം പിഴയും വിധിച്ച് കോടതി. കൊണ്ടോട്ടി മൊറയൂര്‍ കീരങ്ങാട്ട് തൊടി വീട്ടില്‍ അബ്ദുറഹ്‌മാന്‍ (58), ഭാര്യ സീനത്ത് (49), ബന്ധു ഉബൈദുല്ല (28) എന്നിവരെയാണ് മഞ്ചേരി എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ശിക്ഷിച്ചത്. 74.669 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയുമാണ് ഇവരില്‍ നിന്നും പിടികൂടിയിരുന്നത്. ജഡ്ജി എംപി ജയരാജാണ് ശിക്ഷ വിധിച്ചത്.
2022 ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ച 1.50ന് മൊറയൂര്‍ വിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് വെച്ച് എക്സൈസ് ഉദ്യോഗസ്ഥര്‍ സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് അഞ്ചര കിലോഗ്രാം കഞ്ചാവുമായി ഉബൈദുല്ല പിടിയിലാവുന്നത്. പിന്നീട് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ദമ്പതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അബ്ദുറഹ്‌മാന്റെ വീടിനകത്തുനിന്നും മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍നിന്നുമായി 69.169 കിലോഗ്രാം കഞ്ചാവും 52 ഗ്രാം എംഡിഎംഎയും കണ്ടെത്തുകയായിരുന്നു.
മലപ്പുറം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ അധിക ചുമതലയുണ്ടായിരുന്ന മഞ്ചേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഇടി ഷിജുവും സംഘവുമാണ് പരിശോധന നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. എക്സൈസ് ക്രൈംബ്രാഞ്ച് ഉത്തര മേഖല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍എന്‍ ബൈജുവാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി സുരേഷ് ഹാജരായി.