മലപ്പുറം : ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും കഴിഞ്ഞ 24 മണിക്കൂറിനിടെ തിരൂരങ്ങാടി താലൂക്കില്‍ 9 വീടുകള്‍ ഉള്‍പ്പെടെ 38 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഇന്ന് രാവിലെ എട്ടു മണി വരെയുള്ള കണക്കാണിത്. തിരുനാവായ സ്വദേശിയാണ് മരണപ്പെട്ടത്.
തിരുനാവായ സൗത്ത് പല്ലാറിലെ അഴകുറ്റി പറമ്പില്‍ കൃഷ്ണന്‍ (57) ആണ് മരണപ്പെട്ടത്. തെങ്ങിന് തടം എടുത്തുകൊണ്ടിരിക്കെ സമീപത്തെ തെങ്ങ് ദേഹത്തു വീണായിരുന്നു അപകടം. പൊന്നാനി 2, തിരൂര്‍ 9, തിരൂരങ്ങാടി 9, ഏറനാട് 7, പെരിന്തല്‍മണ്ണ 4, നിലമ്പൂര്‍ 3, കൊണ്ടോട്ടി 4 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം.
ജില്ലയുടെ പലഭാഗത്തും, റോഡിലേക്ക് മരം വീണ് ഗതാതം താല്‍ക്കാലികമായി തടസ്സപ്പെടുകയും, റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കാറ്റില്‍ വൈദ്യുത പോസ്റ്റുകള്‍ പൊട്ടിവീണ് ജില്ലയുടെ പലഭാഗങ്ങളിലും വൈദ്യുത വിതരണവും തടസ്സപ്പെട്ടു. തിരൂര്‍ കൂട്ടായിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ക്കും കാറ്റില്‍ ഭാഗിക നാശം സംഭവിച്ചു. നിലമ്പൂര്‍ പോത്തുകല്ല് വില്ലേജില്‍ നിരങ്ങാപൊയിലില്‍ ഏഴു കുടുംബങ്ങളില്‍ പെട്ട 28 പേര്‍ ദുരിതാശ്വാസ ക്യാമ്പില്‍ തുടരുന്നുണ്ട്.