Thursday, February 5

ഇശൽ പെയ്തിറങ്ങി ‘മെഹ്ഫില്‍ 2026’: സംസ്ഥാന തലത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ച് കുണ്ടൂർ പിഎംഎസ്ടി കോളേജ്

കുണ്ടൂര്‍: പി.എം.എസ്.ടി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജും കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയും സംയുക്തമായി ഇന്റര്‍ കോളേജിയേറ്റ് മാപ്പിളപ്പാട്ട് മത്സരം, ‘മെഹ്ഫില്‍ 2026’ സംഘടിപ്പിച്ചു. മെഹ്ഫില്‍ മാപ്പിളപ്പാട്ട് മത്സരത്തിൻ്റെ നാലാമത് എഡിഷൻ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകനും ഗായകനുമായ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പി.എം.എസ്.ടി കോളേജ് ഐ.ക്യു.എ.സി സെല്ലും കോളേജ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ കെ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മാപ്പിള കലാരംഗത്തെ പ്രമുഖരായ അബ്ബാസ് കൊണ്ടോട്ടി, റഷീദ് മോങ്ങം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാനത്തെ 24 കോളേജുകളില്‍ നിന്നായി 34 വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം നടത്തിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ
കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥിനി അംന റഹീം ഒന്നാം സ്ഥാനം നേടി. ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ ഗോപിക രണ്ടാം സ്ഥാനവും കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ മിസിരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ആൺകുട്ടികളുടെ വിഭാഗത്തിൽ കുണ്ടൂർ പി എം എസ് ടി കോളേജിലെ സമീറലി ഒന്നാം സ്ഥാനം നേടി. കോഴിക്കോട് ഫാറൂഖ് കോളേജ് വിദ്യാർത്ഥി പി.ടി ഷംനാദ് രണ്ടാം സ്ഥാനവും തിരുരങ്ങാടി പി എസ് എം ഒ കോളേജിലെ ദിൽഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5001, 3001, 1001 രൂപ വീതം സമ്മാനമായി നൽകി.

കുണ്ടൂര്‍ മര്‍ക്കസ് സെക്രട്ടറി എന്‍ പി ആലി ഹാജി, പിടിഎ വൈസ് പ്രസിഡൻ്റ് കെ. കുഞ്ഞിമരക്കാര്‍, വിവിധ വകുപ്പ് മേധാവികളായ ഡോ. കെ. കൃഷ്ണകുമാര്‍ എം, ആർ.കെ മുരളീധരൻ, എ.കെ അമീര്‍ അലി, കെ.കെ നജ്മുന്നിസ, ജാഫർ അയ്യകത്ത്, ഫൈന്‍ആര്‍ട്‌സ് ഡയറക്ടര്‍ കെ.പി ശാന്തി, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് റിഷാദ് എന്നിവര്‍ സംസാരിച്ചു. മലയാള വിഭാഗം മേധാവി കെ. സരിത സ്വാഗതവും
കോളേജ് യൂണിയന്‍ സ്റ്റാഫ് അഡ്വൈസർ പി. അബ്ദുല്ല മന്‍സൂര്‍ നന്ദിയും പറഞ്ഞു. മാപ്പിള കലയുടെ പഠനത്തിനും ചര്‍ച്ചകള്‍ക്കും ലക്ഷ്യമിട്ടാണ് മെഹ്ഫില്‍ 2026 സംഘടിപ്പിച്ചത്.

error: Content is protected !!