
വണ്ടൂർ : വിസ നൽകുമ്പോൾ പറഞ്ഞ ജോലി ലഭിക്കാത്തതിന് വിസ നൽകിയ ആളുടെ മകനെ വെട്ടിപ്പരുക്കേല്‍പിച്ച പ്രതി അറസ്റ്റില്‍. വണ്ടൂര്‍ വെന്തോടന്‍പടി സ്വദേശി മിഷാബിനെയാണ് വധശ്രമക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.
പറഞ്ഞ ജോലിക്കുള്ള വിസയല്ല ലഭിച്ചതെന്ന് ആരോപിച്ച് വെട്ടേറ്റ ഫഹദിന്റെ പിതാവുമായി മിഷാബിന് ദീർഘനാളായി തര്‍ക്കമുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു.
വണ്ടൂര്‍ വാണിയമ്പലത്ത് വച്ച് കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവമുണ്ടായത്. വണ്ടൂര്‍ പാലാമഠം സ്വദേശി 19 വയസുള്ള ഫഹദിനാണ് വെട്ടേറ്റത്. ഫഹദിന്റെ പിതാവ് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി നല്‍കിയ വെന്തോടന്‍പടി സ്വദേശി പുഴുത്തുണ്ണി മിഷാബാണ് ഫഹദിനെ ആക്രമിച്ചത്. അക്രമത്തില്‍ ഫഹദിന്റെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതി മിഷാബിനെ വധശ്രമത്തിന് കേസെടുത്ത് വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വെട്ടേറ്റ ഫഹദിന്റെ പിതാവ് പ്രതി മിഷാബിന് ജിദ്ദയിലേക്ക് വിസ തരപ്പെടുത്തി നല്‍കിയിരുന്നു. എന്നാല്‍, ജിദ്ദയിലെത്തിയ മിഷാബ് നേരത്തെ പറഞ്ഞ ജോലിക്കുള്ള വീസ അല്ല കിട്ടിയതൊന്നും ശമ്പളം കുറവാണെന്നും ഒന്നരലക്ഷം രൂപ ഫഹദിന്റെ പിതാവ് തനിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇവര്‍ തമ്മില്‍ പലകുറി തര്‍ക്കമുണ്ടായിട്ടുണ്ട്. എട്ടുമാസത്തോളമായി തുടര്‍ന്നു വരുന്ന തര്‍ക്കത്തിന്റെ ബാക്കിപത്രമാണ് കഴിഞ്ഞ ദിവസം വെട്ടിപ്പരിക്കേല്‍പിക്കലില്‍ കലാശിച്ചത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പ്രതി മിഷാബ് കത്തിയെടുത്ത് വീശുകയും ആക്രമണത്തില്‍ ഫഹദിന്റെ തലയ്ക്ക് വെട്ടേല്‍ക്കുകയുമായിരുന്നു. വണ്ടൂര്‍ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫഹദ് അപകട നില തരണം ചെയ്തു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.