
കരിപ്പൂർ : കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കല്‍ കേസില വഴിത്തിരിവ്. സ്വർണംപൊട്ടിക്കല് സംഘങ്ങളെ വെട്ടിച്ച് മുങ്ങിയ കാരിയറും കൂട്ടാളിയും അറസ്റ്റില്‍.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയായ സല്‍മാൻ സാലിഹ്, പരപ്പനങ്ങാടി സ്വദേശി സാദിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കേസില്‍ നേരത്തെ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘത്തിലെ 13 പേർ പിടിയിലായ ദിവസം വിദേശത്ത് നിന്നെത്തിയ സല്‍മാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന സ്വർണ്ണക്കവർച്ചാ സംഘങ്ങളെ മുഴുവൻ കബളിപ്പിച്ചാണ് സല്‍മാൻ സാലിഹ് മുങ്ങിയത്. സല്‍മാനും സുഹൃത്തായ സാദിഖും അടക്കം നാല് സുഹൃത്തുക്കള്‍ ചേർന്ന് ഈ കടത്തുസ്വർണ്ണം രഹസ്യമായി പങ്കിട്ടെടുത്തതായി പോലീസ് കണ്ടെത്തി. കേസില്‍ രക്ഷപ്പെട്ട മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സല്‍മാൻ സാലിഹ് കൊണ്ടുവരുന്ന സ്വർണ്ണം തട്ടിയെടുക്കുന്നതിനായി മാത്രം ഒരേസമയം 5 സ്വർണംപൊട്ടിക്കല്‍ സംഘങ്ങളാണ് കരിപ്പൂർ വിമാനത്താവള പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്ത 13 പേർ ഈ വിവിധ സംഘങ്ങളില്‍ പെട്ടവരാണെന്നാണ് വിവരം.
കാരിയറായ സല്‍മാന് സ്വർണ്ണം കൈമാറുന്നതിനായി കണ്ണൂർ സ്വർണ്ണപ്പൊട്ടിക്കല്‍ സംഘം വൻ തുക ഓഫർ ചെയ്തിരുന്നു. കുപ്രസിദ്ധ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയുടെ പ്രധാന കൂട്ടാളിയായ അഭിജിത്ത് ആണ് സ്വർണ്ണം തങ്ങള്‍ക്ക് നല്‍കാൻ സല്‍മാന് 40 ലക്ഷം രൂപ വാഗ്ദാനം ചെയ്തതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന കണ്ണൂർ സംഘത്തെയും മറ്റ് ക്വട്ടേഷൻ സംഘങ്ങളെയും വെട്ടിച്ച് സല്‍മാൻ സ്വന്തം സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായും ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തുന്നതിനായും പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.