
∙ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലായി ആകെ 2,46,638 പേർക്കാണ് ആദ്യപട്ടികയിൽ ഇടം ലഭിച്ചത്. സംവരണ സീറ്റുകൾ ഉൾപ്പെടെ 71,264 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് രാവിലെ 10 മുതൽ 17ന് വൈകിട്ട് 5 വരെ സ്കൂളുകളിലെത്തി പ്രവേശനം നേടാം.
അലോട്മെന്റ് ലഭിച്ചവർ രക്ഷിതാവിനൊപ്പമെത്തി രേഖകൾ ഹാജരാക്കി നിശ്ചിത ഫീസ് അടച്ചാണു പ്രവേശനം നേടേണ്ടത്. ഒന്നാമത്തെ ഓപ്ഷനിൽ തന്നെ അലോട്മെന്റ് ലഭിച്ചവർ സ്ഥിരപ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ ലഭിച്ചവർക്ക് സ്ഥിരപ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാൻ ഇവർക്ക് അവസരമുണ്ടാകും. ആവശ്യമെങ്കിൽ തിരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും ചെയ്യാം. അതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിൽ നൽകണം. അലോട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല.