Wednesday, July 29

പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി: സമഗ്ര ഡി.പി.ആർ ഓഗസ്റ്റ് 21നകം സമർപ്പിക്കാൻ തീരുമാനം

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നിർദിഷ്ട പരപ്പനങ്ങാടി എൽബിഎസ് ഇന്റഗ്രേറ്റഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വിദ്യാഭ്യാസ ഹബ്ബിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട സമഗ്രമായ ഫൈനൽ ഡി.പി.ആർ (Detailed Project Report) ഓഗസ്റ്റ് 21നകം തയ്യാറാക്കി സമർപ്പിക്കാൻ തീരുമാനിച്ചതായി തിരൂരങ്ങാടി എം.എൽ.എ പി. എം. എ. സമീർ അറിയിച്ചു.

പദ്ധതിയുടെ പൂർണ്ണമായ നിർമ്മാണത്തിനായി ആവശ്യമായ 12.8042 ഹെക്ടർ (31.64 ഏക്കർ) ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി. പി. എം. എ. സമീർ എം.എൽ.എയുടെ ആവശ്യപ്രകാരമാണ് എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഹെഡ് ഓഫീസിൽ ഉന്നതതല യോഗം ചേർന്ന് പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും തുടർനടപടികൾ തീരുമാനിക്കുകയും ചെയ്തത്.

തിരൂരങ്ങാടി മണ്ഡലത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മുതൽക്കൂട്ടാകുന്ന ഈ പദ്ധതി സംസ്ഥാനത്തിന്റെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് പുതിയ സാധ്യതകൾ തുറന്നുകൊടുക്കുന്നതായും, ആധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ ഹബ്ബായി തിരൂരങ്ങാടിയെ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും പി. എം. എ. സമീർ എം.എൽ.എ പറഞ്ഞു.

2026-27 സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി ₹5 കോടി വകയിരുത്തിയിട്ടുണ്ട്. ഡി.പി.ആർ സമയബന്ധിതമായി സമർപ്പിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

പി. എം. എ. സമീർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൽ.ബി.എസ് ഡയറക്ടർ ഡോ. ജയമോഹൻ ജെ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ. ശരത്ചന്ദ്രൻ ഉണ്ണിത്താൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സാജൻ ജെറോം, പരപ്പനങ്ങാടി എൽ.ബി.എസ് സെന്റർ സ്പെഷ്യൽ ഓഫീസർ മുഗൾ ജോസഫ്, ഇൻസ്ട്രക്ടർമാരായ വേണു എം, സത്യനാഥൻ കെ, സുനിൽകുമാർ കെ, ടി. കെ. നാസർ എന്നിവർ പങ്കെടുത്തു.

error: Content is protected !!