Thursday, August 6

വള്ളിക്കുന്നിന്റെ നവവികസന കുതിപ്പിന് തുടക്കം: ‘ വി ഫോർവേഡ് ഫ്യൂച്ചർ വള്ളിക്കുന്ന് സമ്മിറ്റ്’ 7-ന് ചേളാരിയിൽ നടക്കും

വള്ളിക്കുന്ന് നിയോജകമണ്ഡലത്തെ എല്ലാ മേഖലകളിലും മാതൃകാപരമായി ഉയർത്തുകയും വരുംതലമുറയ്ക്കായി ഒരു സുസ്ഥിര വികസന മാതൃക കെട്ടിപ്പടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വികസന കോൺക്ലേവ് ‘V Forward Future Vallikkunnu Summit — സമഗ്ര വികസന പദ്ധതി രേഖാ സമർപ്പണം’ 2026 ഓഗസ്റ്റ് 07 വെള്ളിയാഴ്ച ചേളാരി സെഞ്ച്വറി കൺവെൻഷൻ സെന്ററിൽ വെച്ച് വിപുലമായ പരിപാടികളോടെ നടക്കും. മണ്ഡലത്തിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങളും ഭാവിയിലെ നഗരവൽക്കരണ സാദ്ധ്യതകളും മുൻനിർത്തി തയ്യാറാക്കിയ ഈ ബൃഹദ് വികസന രേഖയുടെ അവതരണവും ചർച്ചയുമാണ് സമ്മിറ്റിലെ പ്രധാന ആകർഷണം.വിവിധ കമ്മിറ്റികളുടെ ഒരു മാസത്തെ ചർച്ചകൾക്കും ജനകീയ നിർദ്ദേശങ്ങൾക്കും ശേഷം രൂപപ്പെടുത്തിയ വിഷൻ ഡോക്യുമെന്റ് (കരട്)പ്രകാശനം ചെയ്യും; അടുത്ത 5 വർഷത്തിനുള്ളിൽ നടപ്പിലാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കും: ടി. വി. ഇബ്രാഹിം എം.എൽ.എ

ഈ വികസന സമ്മിറ്റിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭരണ രംഗങ്ങളിലെ പ്രമുഖർ പങ്കാളികളാകും. കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശൻ രാവിലെ 10 മണിക്ക് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മന്ത്രിമാർ പി. കെ. കുഞ്ഞാലിക്കുട്ടി, എ. പി. അനിൽ കുമാർ, പി. സി. വിഷ്ണുനാഥ്, പി കെ ബഷീർ , കെ. എം. ഷാജി, വി. ഇ. ഗഫൂർ, ഇ ടി മുഹമ്മദ് ബഷീർ എം പി , പി എ മുഹമ്മദ് റിയാസ് എം.എൽ.എ, മറ്റ് എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിക്കും.

രണ്ട് മാസത്തെ സമാന്തര ചർച്ചകളും ഗൂഗിൾ ഫോം വഴിയുള്ള ജനകീയ പങ്കാളിത്തവും

വള്ളിക്കുന്നിന്റെ പുരോഗതിക്കായി കേവലം ഒരു ഔദ്യോഗിക പ്രഖ്യാപനം എന്നതിനപ്പുറം, കൃത്യമായ പഠനങ്ങളുടെയും ജനകീയ ചർച്ചകളുടെയും അടിത്തറയിലാണ് ഈ വികസന പദ്ധതി രേഖ രൂപകൽപ്പന ചെയ്തിട്ടുള്ളത്. മണ്ഡലത്തിന്റെ വികസന ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിയുന്നതിനായി രൂപീകരിച്ച 15 പ്രത്യേക വിഷയാധിഷ്ഠിത കമ്മിറ്റികൾ കഴിഞ്ഞ ഒരു മാസക്കാലമായി മണ്ഡലത്തിലെ വിവിധ മേഖലകളിൽ സമഗ്രമായ പഠനങ്ങളും ചർച്ചകളും നടത്തിവരികയായിരുന്നു. സാങ്കേതിക വിദഗ്ദ്ധർ, അക്കാദമിക് പണ്ഡിതർ, ജനപ്രതിനിധികൾ, മേഖല തിരിച്ചുള്ള പ്രൊഫഷണലുകൾ എന്നിവർ ഈ കമ്മിറ്റികളിൽ അഹോരാത്രം പ്രവർത്തിച്ചു.

ഇതിന് പുറമെ വികസന പ്രക്രിയയിൽ പൊതുജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേക ഗൂഗിൾ ഫോം (Google Form) വഴിയും നിർദ്ദേശങ്ങൾ ക്ഷണിച്ചിരുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മണ്ഡലത്തിനകത്തുനിന്നും 160-ൽ പരം മഹത്തരമായ വികസന നിർദ്ദേശങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ലഭിച്ചത്. താലൂക്ക് രൂപീകരണം മുതൽ തീരദേശ സംരക്ഷണം വരെയുള്ള വിവിധ വിഷയങ്ങളിൽ സാധാരണക്കാർ പങ്കുവെച്ച ഈ അഭിപ്രായങ്ങളും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും കൃത്യമായി ക്രോഡീകരിച്ചാണ് സമഗ്ര വികസന രേഖ തയ്യാറാക്കിയത്. സമ്മിറ്റിൽ ഈ നിർദ്ദേശങ്ങൾ വിശദീകരിക്കുകയും, സന്നിഹിതരാകുന്ന സദസ്സിന്റെ ഭേദഗതികളും പുതിയ കൂട്ടിച്ചേർക്കലുകളും ഉൾപ്പെടുത്തി പദ്ധതി രേഖയ്ക്ക് അന്തിമരൂപം നൽകുകയും ചെയ്യും.ഈ റിപ്പോർട്ട് വരും കാലങ്ങളിൽ മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഒരു മാർഗ്ഗരേഖയാകും.

വികസന ദിശാബോധം: 15 പ്രധാന മേഖലകൾ

അടുത്ത 5 വർഷം കൊണ്ട് ഘട്ടംഘട്ടമായി നടപ്പിലാക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഈ വിഷൻ ഡോക്യുമെന്റിൽ മണ്ഡലത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും വികസനം ഉറപ്പു വരുത്തുന്നുണ്ട്. പ്രത്യേകിച്ച് തീരദേശ മേഖലയുടെ സുരക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, ടൂറിസം സാദ്ധ്യതകൾ, വിദ്യാഭ്യാസ-വ്യവസായ മുന്നേറ്റം എന്നിവയ്ക്ക് പദ്ധതിയിൽ ഊന്നൽ നൽകിയിട്ടുണ്ട്.

  1. വിദ്യാഭ്യാസ മേഖല (Education): പ്ലസ് ടു സീറ്റ് പ്രതിസന്ധി പരിഹരിക്കൽ, ഗവ. ആർട്സ് & സയൻസ് കോളേജ്, സർവകലാശാല സ്കിൽ ഹബ്, മോഡൽ സ്കൂളുകൾ, അടൽ ടിങ്കറിംഗ് ലാബുകൾ, AI സാക്ഷരത, ഭിന്നശേഷി ഹോം ടീച്ചിംഗ്, STREAM എഡ്യൂക്കേഷൻ.
  2. ടൂറിസം വികസനം (Tourism): കണ്ടൽ ഇക്കോ-ടൂറിസം, ബോർഡ് വോക്ക്, റോപ്പ്‌വേ, പക്ഷി നിരീക്ഷണ കേന്ദ്രങ്ങൾ, ഗ്രാമീണ-സാഹസിക ടൂറിസം, ബലാതിരുത്തി ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ്.
  3. സഹകരണ മേഖല (Cooperative Sector): സീനിയർ സിറ്റിസൺ കെയർ ടൗൺഷിപ്പ്, ടൂറിസം കൺസോർഷ്യം, ആധുനിക സഹകരണ ആശുപത്രി, ഷെയർഹോൾഡേഴ്സ് ഹെൽത്ത് കെയർ, വനിതാ സംരംഭക പാർക്ക്.
  4. കാർഷിക മേഖല (Agriculture): കടക്കാട്ടുപാറ-ആലിൻകടവ് റെഗുലേറ്റർ, തരിശ് രഹിത വള്ളിക്കുന്ന്, കാർബൺ ന്യൂട്രൽ പദ്ധതികൾ, തോടുകളുടെയും തണ്ണീർത്തടങ്ങളുടെയും പുനരുദ്ധാരണം, മൂല്യവർധിത ഉൽപ്പന്ന സംസ്കരണം.
  5. കായിക മേഖല (Sports): കാലിക്കറ്റ് സർവകലാശാല അന്താരാഷ്ട്ര സ്റ്റേഡിയം വിപുലീകരണം, എല്ലാ പഞ്ചായത്തുകളിലും അക്വാട്ടിക് കോംപ്ലക്സ്, ആധുനിക ഇൻഡോർ സ്റ്റേഡിയം, വാട്ടർ സ്പോർട്സ് അക്കാദമി.
  6. വ്യവസായം, ഐ.ടി. & സംരംഭകത്വം (Industry & IT): ഐ.ടി. ഡിജിറ്റൽ ഇന്നൊവേഷൻ ഹബ്, കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, ഇലക്ട്രോണിക് സിറ്റി, ഫുഡ് പ്രോസസ്സിംഗ് പാർക്ക്, സ്റ്റാർട്ടപ്പ് ഹബ്, കരിപ്പൂർ-ബേപ്പൂർ കാർഗോ ലോജിസ്റ്റിക്സ് ഹബ്.
  7. ആരോഗ്യ മേഖല (Health): തേഞ്ഞിപ്പലം കോഹിനൂറിൽ ജനറൽ ആശുപത്രി, ബ്ളോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം, ക്രിട്ടിക്കൽ കെയർ & ട്രോമാ കെയർ യൂണിറ്റുകൾ, സാറ്റലൈറ്റ് ഡിസ്പൻസറികൾ, ടെലിമെഡിസിൻ, സഞ്ചരിക്കുന്ന ആംബുലൻസ് ക്ലിനിക്കുകൾ.
  8. വനിതാ-ശിശുക്ഷേമം (Women & Child Welfare): ഗവ. വനിതാ കോളേജ്, സൗജന്യ മത്സരപരീക്ഷ പരിശീലന കേന്ദ്രം, മാതൃ-ശിശു ആരോഗ്യകേന്ദ്രം, വൺ-സ്റ്റോപ്പ് സപ്പോർട്ട് കേന്ദ്രങ്ങൾ, സ്മാർട്ട് അങ്കണവാടികൾ.
  9. കുടിവെള്ള മേഖല (Drinking Water): കടക്കാട്ടുപാറ കുടിവെള്ള പദ്ധതി, ജൽ ജീവൻ മിഷൻ (JJM) നൂറു ശതമാനം പൂർത്തീകരണം, എയർപോർട്ട് റൺവേ മഴവെള്ള സംഭരണിയും റീചാർജിംഗും, മിനി ജലശുദ്ധീകരണ പ്ലാന്റുകൾ.
  10. യുവജന-സാംസ്കാരിക മേഖല (Youth & Culture): വാർഷിക ‘വള്ളിക്കുന്ന് ഫെസ്റ്റ്’, സാംസ്കാരിക കേന്ദ്രം, ഡിജിറ്റൽ ലൈബ്രറി, യൂത്ത് ഇന്നൊവേഷൻ ഹബ്, ഡീ-അഡിക്ഷൻ സെന്ററുകൾ.
  11. സാമൂഹ്യ നീതി & ക്ഷേമം (Social Justice): ആധുനിക പൊതു ഇലക്ട്രിക് ശ്മശാനം, ഭിന്നശേഷി തൊഴിൽ മിഷൻ & പാരാ സ്പോർട്സ് സെന്റർ, ഏകീകൃത സാമൂഹ്യ സുരക്ഷാ ഡിജിറ്റൽ ആപ്പ്, വയോജന മന്ദിരങ്ങൾ.
  12. തീരദേശ, ഫിഷറീസ് & ഹാർബർ (Coastal & Fisheries): സമഗ്ര ഫിഷിംഗ് ഹാർബർ, ഫിഷറീസ് ഹൗസ് സെറ്റിൽമെന്റ് കുടുംബങ്ങളുടെ ഭവന പുനരധിവാസം, ആനങ്ങാടി മിനി ഹാർബർ, കടലാക്രമണ പ്രതിരോധ കടൽഭിത്തിയും ഗ്രോയിൻസുകളും, ഡ്രഡ്ജിംഗ്, നേവി & കോസ്റ്റൽ പോലീസ് ഔട്ട് പോസ്റ്റുകൾ, തീരദേശ ഐ.ടി.ഐ.
  13. നൈപുണ്യ വികസനം (Skill Development): സംയോജിത നൈപുണ്യ വികസന കേന്ദ്രം, ഗ്ലോബൽ ജോബ് വാച്ച് ടവർ, AI & റോബോട്ടിക്സ് കോഴ്സുകൾ, കമ്മ്യൂണിറ്റി സ്കിൽ സെന്ററുകൾ.
  14. അടിസ്ഥാനസൗകര്യ വികസനം (Infrastructure): ദേശീയപാത-കരിപ്പൂർ എയർപോർട്ട് ആകാശപാത, ചേളാരി ആസ്ഥാനമായി പുതിയ താലൂക്ക്, ഫയർ സ്റ്റേഷൻ, ജുഡീഷ്യൽ കോടതി സമുച്ചയം, വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ മാതൃകാ വികസനവും കൂടുതൽ ട്രെയിൻ സ്റ്റോപ്പുകളും, ആനങ്ങാടി ROB, വിവിധ റോഡുകൾ പാലങ്ങൾ കെട്ടിടങ്ങൾ റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയവയുടെ വികസനം .
  15. SC/ST വികസനം (SC/ST Welfare): ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വിജ്ഞാൻവാടികൾ, ഉന്നതികളുടെയും കോളനികളുടെയും അടിസ്ഥാന സൗകര്യ വികസനം.

സമയബന്ധിത നടപ്പാക്കലും തുടർച്ചയായ മേൽനോട്ടവും

സമ്മിറ്റ് കൊണ്ട് പദ്ധതി അവസാനിക്കുന്നില്ലെന്നും, പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനായുള്ള കർശനമായ തുടർനടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നും എം.എൽ.എ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്മിറ്റിന് ശേഷം വിഷയാടിസ്ഥാനത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ട ഗവണ്മെന്റ് ഓഫീഷ്യലുകളും (Government Officials) സാങ്കേതിക വിദഗ്ദ്ധരും ഉൾപ്പെടുന്ന പ്രത്യേക ഫോളോ-അപ്പ് സമിതികൾ ഓരോ മേഖലയ്ക്കും നിലവിൽ വരും.

ഈ സമിതികൾ പ്രൊപ്പോസലുകൾ തയ്യാറാക്കി, വിശദമായ പദ്ധതി രൂപരേഖകൾ (DPR) ഉണ്ടാക്കി കൃത്യ സമയപരിധിക്കുള്ളിൽ പദ്ധതികൾ നടപ്പിലാക്കാനുള്ള നടപടികൾ കൈക്കൊള്ളും. നാടിന്റെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ടുള്ള ഈ വലിയ ജനകീയ കൂട്ടായ്മയിൽ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും, ഉദ്യോഗസ്ഥരും, പങ്കാളികളാകണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

ടി . വി. ഇബ്രാഹിം എം.എൽ.എ (വള്ളിക്കുന്ന് നിയോജകമണ്ഡലം),

  1. ഡോ .വി പി അബ്ദുൽ ഹമീദ് ( രക്ഷാധികാരി )
  2. ശ്രീ. എ കെ അബ്ദുറഹിമാൻ ( ചെയർമാൻ )
  3. ശ്രീ എം എ അബ്ദുൽ അസീസ് (കൺവീനർ )

4 എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

error: Content is protected !!