Sunday, March 22

കാസർകോട് പിതാവിന്റെ വെട്ടേറ്റു മകൾ മരിച്ചതിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട് മഞ്ചേശ്വരത്ത് പിതാവ് മകളെ കുത്തി കൊലപ്പെടുത്തിയതിന് പിന്നാലെ ആക്രമണത്തില്‍ പരിക്കേറ്റ ബന്ധുവും മരിച്ചു.
മഞ്ചേശ്വരം സ്വദേശി ഷേഖ് അബ്ബയാണ് മരിച്ചത്. ആക്രമണത്തില്‍ കുത്തേറ്റ ഷേഖ് അബ്ബ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രതിയായ ഉമര്‍ ഫാറൂഖിനെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് ഷേഖ് അബ്ബയുടെ വീട്ടിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്. ഉമര്‍ ഫാറൂഖും ഭാര്യ താഹിറയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള തർക്കം. ബന്ധം വേർപിരിയുന്നതെങ്കില്‍ തനിക്ക് കുടുംബസ്വത്തായി ലഭിച്ചതും പിന്നീട് ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെന്റ് തിരികെ തരണമെന്ന് പ്രതി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് സംബന്ധിച്ച്‌ വീണ്ടും തർക്കമുണ്ടായി.

ഇതില്‍ പ്രകോപിതനായ പ്രതി കൈയില്‍കരുതിയ കത്തി ഉപയോഗിച്ച്‌ ഭാര്യസഹോദരിയുടെ ഭർത്താവ് ഷേഖ് അബ്ബയെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യാസഹോദരിയെയും വെട്ടി. ഇതിനിടെയാണ് സ്കൂളില്‍ നിന്നെത്തിയ മകള്‍ ജുമൈലയ്ക്ക് വഴക്ക് തടയാൻ ശ്രമിക്കുന്നതിനിടെ കഴുത്തിലും വയറ്റിലും കുത്തേറ്റത്.

വിദേശത്തായിരുന്ന ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. ഒരുഘട്ടത്തില്‍ വിവാഹമോചനമെന്ന തീരുമാനത്തില്‍ വരെ എത്തിയിരുന്നു. ബന്ധുക്കള്‍ ഇടപെട്ടായിരുന്നു പ്രശ്‌നം പരിഹരിച്ചത്. പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ലഹരി ഉപയോഗിച്ച ശേഷം വീട്ടിലെത്തി ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിന്റെ പേരില്‍ ഉമര്‍ ഫാറൂക്കിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു.

ഉമ്മര്‍ കഞ്ചാവിനും മറ്റു ലഹരിവസ്തുക്കള്‍ക്കും അടിമയാണെന്ന് നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലഹരിയുടെ സ്വാധീനത്തില്‍ ഇയാള്‍ വീട്ടില്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നാണ് വിവരം

error: Content is protected !!