കേന്ദ്ര വഖഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും ; സോളിഡാരിറ്റി, എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി
കോഴിക്കോട് : മുസ്ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി നിയമം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും, എസ്.ഐ.ഒ കേരളയും ചേര്‍ന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുമെന്ന് എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സഹല്‍ ബാസ്, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി അന്‍ഫല്‍ ജാന്‍ എന്നിവര്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 2025 ഏപ്രില്‍ 09 ബുധനാഴ്ച്ച വൈകിട്ട് 3 മണി മുതലാണ് ഉപരോധം. വിവിധ സാമൂഹിക രാഷ്ട്രീയ സംഘടന നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.
വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംങ്ങള്‍ക്കെതിരായ വംശീയ ഉന്മൂലന നീക്കത്തിന്റെ തുടര്‍ച്ചയാണ്. മുസ്ലിം സമുദായത്തെ ഉന്നം വച്ചുകൊണ്ട് സംഘപരിവാര്‍ ഭരണകൂടം കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമം, മുത്തലാഖ് നിയമം, ഏകസിവില്‍ കോഡ് തുടങ്ങിയ നിയമങ്ങളുടെ തുടര്‍ച്ചയാണീ വഖഫ് ഭേദഗതി നിയമവും എന്നതില്‍ യാതൊരു സംശയവുമില്ല...

