മൂന്നിയൂരിലെ പഞ്ചായത്ത് റോഡുകൾ അൺ നോട്ടിഫൈഡ് ഗണത്തിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് ഇടത് പക്ഷ അംഗങ്ങൾ. ഇത് സംബന്ധിച്ച് മൂന്നിയൂർ പഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാരായ അബ്ദുൽ വാഹിദ് പി.വി, അഹമ്മദ് ഹുസൈൻ കല്ലൻ, സാജിത ടീച്ചർ, അബ്ദുസമദ് പിപി എന്നിവർ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.
മൂന്നിയൂർ പഞ്ചായത്തിലെ വീതി കുറഞ്ഞ സാധാരണ റോഡുകളും പാത്ത് വേകളും ഉൾപ്പെടെ മുഴുവൻ പഞ്ചായത്ത് റോഡുകളും നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിൽ കണക്കാക്കുന്നത് മൂലം കെട്ടിട നിർമ്മാണം നടത്തുന്നതിൽ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ മൂന്നിയൂർ പഞ്ചായത്തിലെ ജനങ്ങൾക്ക് ലഭിക്കാതെ വരുന്നു. പ്രസ്തുത ഇളവുകൾ ലഭിക്കുന്നതിന് വേണ്ടി ഇത്തരം റോഡുകളെ അൺ നോട്ടിഫൈഡ് റോഡുകളുടെ ഗണത്തിലേക്ക് കണക്കാക്കുന്നതിനും, ഇക്കാരണത്താൽ കെട്ടിട നിർമ്മാണ പെർമിറ്റ് ലഭിക്കാത്തവർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും ഭാവിയിൽ ഇളവുകൾ ജനങ്ങൾക്ക് ലഭിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്തു തരുവാൻ വേണ്ടിയാണ് മന്ത്രിക്ക് പഞ്ചായത്തിലെ എൽഡിഎഫ് മെമ്പർമാർ നിവേദനം നൽകിയത്.