
അമ്പത് വർഷമായി മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചെമ്പായി ബാലനെ ആദരിച്ചു.
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ പഴയ വീട് പുല്ല് മേയുന്ന ചടങ്ങിൽ കഴിഞ്ഞ അമ്പത് വർഷമായി സജീവമായ ചെമ്പായി ബാലനെ മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് ഹെരിറ്റേജ് സ്റ്റഡീസും മഖാം മാനേജിങ് കമ്മിറ്റിയും ചേർന്ന് ആദരിച്ചു. 188 -ാം മമ്പുറം ആണ്ടുനേർച്ചയോട് അനുബന്ധിച്ച് നടന്ന മമ്പുറം തങ്ങൾ സെമിനാറിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജിയാണ് ആദരിച്ചത്. 90 വയസ്സ് പ്രായമുള്ള ബാലൻ വേങ്ങര ചേറൂർ മിനി കപ്പ് സ്വദേശിയാണ്.
മമ്പുറം തങ്ങളും ദളിത് സമൂഹവും തമ്മിലുള്ള ദൃഢമായ ആത്മബന്ധത്തിന്റെ പ്രതീകമാണ് ഇന്നും നിലനിൽക്കുന്ന വീട് മേയൽ ചടങ്ങ്. ചാക്കീരി കുടുംബത്തിൻ്റെ നിർദ്ദേശപ്രകാരം ദളിത് സമുദായത്തിലെ കണക്കന്മാരാണ് ഈ ദൗത്യം നൂറ്റാണ്ടുകളായി നിർവഹിക്കുന്നത്. അതിൻ്റെ തുടർച്ചയാണ് ഇന്നും മുടങ്ങാതെ ചെമ്പായി ബാലനും സുഹൃത്തുക്കളും ചെയ്തുകൊണ്ടിരിക്കുന്നത്.
മുൻ വിദ്യാഭ്യാസ മന്ത്രിയും ലീഗ് നേതാവുമായിരുന്ന ചാക്കിരി അഹമ്മദ് കുട്ടിയുടെ കാലം മുതൽക്കേ ബാലൻ മമ്പുറത്ത് ഈ സേവനത്തിനായി എത്തുന്നുണ്ട്. ബാലന്റെ പിതാവ് കാരിയായിരുന്നു മുൻപ് ഈ ചുമതല നിർവഹിച്ചിരുന്നത്. അന്ന് പിതാവിന് പുല്ല് എടുത്തുനൽകുന്ന സഹായിയായിട്ടാണ് മമ്പുറത്തേക്ക് വരുന്നത്. പിതാവിന്റെ ശേഷവും ഈ പാരമ്പര്യം അദ്ദേഹം നിലനിർത്തുന്നു.
ചാക്കീരി കുടുംബത്തിന്റെ നേതൃത്വത്തിലാണ് ഞങ്ങളുടെ കാലം മുതൽ ഇത് നടന്നുപോരുന്നതെന്നും ഇത്തവണയും മമ്പുറം തങ്ങളോടുള്ള ആത്മബന്ധം നിലനിർത്തിക്കൊണ്ട് വീട് മേയാൻ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ബാലൻ പറഞ്ഞു.