തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ വ്യാജ ഉദ്യോഗസ്ഥന്‍, ഏജന്റുമാരുടെ ബിനാമി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒപ്പമിരുന്നാണ് ഏജന്റുമാരുടെ ബിനാമിയായ താനൂര്‍ സ്വദേശി ജോലി ചെയ്യുന്നത്. ആര്‍.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേര്‍ഡുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി ജോയ്ന്റ് ആര്‍ടിഒ വിരമിച്ചിരുന്നു. പുതിയ ജോയ്ന്റ് ആര്‍ടിഒ ചാര്‍ഡെടുക്കാന്‍ കുറച്ച് കാലതാമസമെടുക്കുകയും ചെയ്തു. ഈ സമയത്താണ് ഇയാള്‍ ആര്‍ടിഒ ഓഫീസിനുള്ളില്‍ എംവിഐമാരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും അറിവോടെയും സമ്മതത്തോടെയും ഓഫീസിനുള്ളില്‍ കയറി തുടങ്ങിയതെന്നാണ് ലഭിക്കുന്ന വിവരം. എംവിഐ അടക്കം ഇയാള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇയാളുടെ അടുത്ത് വരുന്നതും സംസാരിക്കുന്നതും ഫയലുകള്‍ എടുക്കുന്നതുമെല്ലാമടങ്ങിയ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

അതേസമയം സംഭവത്തില്‍ തൃശൂര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറോട് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്തതിന്റെ മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശൂര്‍ ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണറും മലപ്പുറം ആര്‍.ടി.ഒയും തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസിലെത്തി വിവരങ്ങള്‍ ശേഖരിക്കും. വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പി ഫിറോസ് എം ഷെഫീഖിന്റെ നേതൃത്വത്തിലാണ് വിവരശേഖരണം.

error: Content is protected !!