
കൊടിഞ്ഞി: കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രിയപ്പെട്ട ശശി മാഷ് 31 വർഷത്തെ അധ്യാപക ജീവിതത്തിന് ശേഷം വിരമിച്ചു. കൊടിഞ്ഞി തിരുത്തി ജി.എം.എൽ.പി. സ്കൂളിന്റെ പ്രധാനാധ്യാപകനായാണ് അദ്ദേഹം വിരമിച്ചത്. ദീർഘകാലം കൊടിഞ്ഞി ജി.എം.യു.പി. സ്കൂളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ച ശശി മാഷ്, സ്കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകി.
തിരുത്തി ജി.എം.എൽ.പി. സ്കൂളിൽ അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് റഹീം അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒടിയിൽ പീച്ചു, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റഹിയാനത്ത്, മജീദ് ഒടിയിൽ, മുഹമ്മദ് കുട്ടി, മൊയ്തീൻ കുട്ടി, അധ്യാപകരായ പ്രദീപ് യു., ഷീജ ജിക്സ്, സുജി, പ്രേമരാജൻ, ദിൽഷ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശശി മാഷിന് ഉപഹാരങ്ങൾ സമ്മാനിച്ചു.