
ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ച് കൊന്നു
ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ മർദനമേറ്റ് മരിച്ചു.
ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ സ്വദേശിനിയായ സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സാവരിയ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം (23) എന്ന വിദ്യാർത്ഥിയെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവില്‍ പ്രകോപിതനായ പ്രതി ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. തലയ്ക്കേറ്റ കനത്ത അടിയെത്തുടർന്ന് തലച്ചോറില്‍ ആന്തരിക രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞയുടൻ വിദേശത്തുള്ള സാവരിയയുടെ പിതാവ് ഉസ്ബക്കിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിസ സംബന്ധമായ സാങ്കേതിക തടസ്സങ്ങള്‍ കാരണം യാത്ര സാധ്യമായില്ല. തുടർന്ന് മറ്റൊരു ബന്ധുവാണ് അവിടെയെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയത്.
ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി സാവരിയയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചു. ഇവിടെനിന്നും നാട്ടിലെത്തിക്കുന്ന മൃതദേഹം ഉടൻ തന്നെ ഹരിപ്പാടുള്ള വീട്ടിലെത്തിക്കും. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.