
മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇതിനായി 411 കോടിയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കുക. സംസ്ഥാനത്ത് പകല്‍ ഉല്‍പാദിപ്പിക്കുന്ന മിച്ചം വരുന്ന വൈദ്യുതി സംഭരിക്കാന്‍ സംവിധാനമില്ലാത്തതാണ് വൈദ്യുതി ക്ഷാമത്തിന്റെ പ്രധാന കാരണം. ഡാമുകളില്‍ ആവശ്യത്തിന് ജലമില്ല. രാത്രി പൈദ്യുതി ഉപഭോഗം കൂടുന്നത് കൊണ്ട് കൂടിയ നിരക്ക് നല്‍കിയാണ് വൈദ്യതി വാങ്ങുന്നത്. ഇതിന് ശാശ്വത പരിഹാരം കാണും. മലപ്പുറം ജില്ല നേരിടുന്ന വൈദ്യുതി പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം കാണുന്നതിനായി മലപ്പുറം ആസൂത്രണ ഭവനില്‍ ചേര്‍ന്ന എം. എല്‍. എ മാരുടെയും ഉന്നത ഉദ്യോഗസ്തരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സവും പരിഹരിക്കുന്നതിനും ഒരോ മണ്ഡലത്തിലേയും പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമാണ് മന്ത്രി നേരിട്ട് യോഗം വിളിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിലവിലുള്ള വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി പുതിയ സബ്സ്റ്റേഷനുകളുടെ നിര്‍മാണം വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തകരാറിലായതും ശേഷി കുറഞ്ഞതുമായ ട്രാന്‍സ്‌ഫോര്‍മറുകള്‍ മാറ്റിസ്ഥാപിക്കാനും കൂടുതല്‍ പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഓരോ നിയോജക മണ്ഡലത്തിലെയും തദ്ദേശീയമായ വൈദ്യുതി പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുന്നതിനുമായി എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേരാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കും. ഉപഭോക്താക്കളുടെ പരാതികളില്‍ ഉടനടി നടപടിയെടുക്കും. വരും വര്‍ഷങ്ങളിലെ ഉയര്‍ന്ന ഉപഭോഗം മുന്നില്‍ക്കണ്ട് ഉല്‍പാദന പ്രസരണ ശൃംഖല ശക്തമാക്കുമെന്നും അനാവശ്യമായ പവര്‍കട്ടുകള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികള്‍ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്നുള്ള എല്ലാ കാലതാമസങ്ങളും ഒഴിവാക്കി സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി അപകടങ്ങളില്‍ പൊതു ജനങ്ങളും വൈദ്യുതി ജീവനക്കാരും മരിക്കാനിടയാവുന്ന സാഹചര്യം ഒഴിവാക്കും. ഇതിനായി ബോധവല്‍കരണം നടത്തും. വൈദ്യുതി വകുപ്പിന്റെ ഓഫീസുകള്‍ ജന സൗഹ്യദമാക്കണമെന്ന് അബ്ദുസ്സമദ് സമദാനി എം.പി. യോഗത്തില്‍ ആവശ്യപ്പെട്ടു. വെങ്ങാനൂര്‍ സബ് സ്റ്റഷന്‍ കമ്മീഷന്‍ ചെയ്യണമെന്നും ഈ ലൈന്‍ 220 കെ.വി യാക്കണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. വൈരങ്കോടിന് സമീപമുള്ള പഞ്ചായത്തുകളിലും തിരൂര്‍ നഗരത്തിലും യു.ജി കേബിള്‍ ഉപയോഗിക്കണമെന്നും എം.എല്‍. എ ആവശ്യപ്പെട്ടു. കുറ്റിപ്പുറത്ത് 33 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിക്കണം. മലപ്പുറം പാക്കേജ് നടപ്പാക്കാന്‍ മെറ്റീരിയല്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കണം. കോട്ടക്കല്‍ നഗരസഭ സൗജന്യമായി സ്ഥലം നല്‍കിയിട്ടുംസബ്‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായില്ല. ഈ സബ് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കണമെന്നും ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ ആവശ്യപ്പെട്ടു. വെന്നിയൂര്‍ സബ്‌സ്റ്റേഷന്‍ 110 കെവിയാക്കി ഉയര്‍ത്തണമെന്നും തിരൂരങ്ങാടി പരപ്പനങ്ങാടി സബ്‌സ്റ്റേഷനുകള്‍ വിഭജിക്കണമെന്ന് പി എം എ സമീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതി മേഖലയിലെ വികസനത്തിന് തടസ്സം ആവശ്യമായ മെറ്റീരിയല്‍ ലഭിക്കാത്തതാണ്. കൊണ്ടോട്ടിയില്‍ അടിയന്തിരമായി സബ്സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്നും ടി.വി ഇബ്രാഹിം എല്‍.എ ആവശ്യപ്പെട്ടു. ചീക്കോട് കുടിവെള്ള പദ്ധതി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കൊണ്ടോട്ടി എം.എല്‍.എ ടി.പി അഷ്റഫലി ആവശ്യപ്പെട്ടു. താനൂര്‍ സബ് സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും റോഡുകളില്‍ തടസ്സമായി നില്‍ക്കുന്ന പോസറ്റുകള്‍ മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും താനൂര്‍ എം.എല്‍.എ പി.കെ നവാസ് ആവശ്യപ്പെട്ടു. ആഡ്യന്‍പാറ ജല വൈദ്യുതി പദ്ധതി നവീകരിക്കുന്നതോടൊപ്പം ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കേരളാംകുണ്ട് വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി വൈദ്യുതി ഉദ്പാദന സാധ്യത പരിശോധിക്കണമെന്ന് വി.എസ്. ജോയി എം.എല്‍.എ ആവശ്യപ്പെട്ടു. മക്കരപ്പറമ്പ്, ആനക്കയം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് സബ്സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന് മഞളാംകുഴി അലി എം.എല്‍.എ ആവശ്യപ്പെട്ടു. അബ്ദുസമദ് സമദാനി എംപി, എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, കുറുക്കോളി മൊയ്തീന്‍, പി എം എ സമീര്‍, വി.എസ് ജോയ്, പി. കെ നവാസ്, മഞ്ഞളാംകുഴി അലി, ടി.പി അഷ്‌റഫലി, ടിവി ഇബ്രാഹിം, ജില്ലാ കളക്ടര്‍ വിനയ് ഗോയല്‍, എ.ഡി.എം സാദിഖ് പി.ഒ, ശിവദാസ് എസ് ട്രാന്‍സ്മിഷന്‍ ആന്‍ഡ് സിസ്റ്റം ഓപ്പറേഷന്‍ ഡയറക്ടര്‍, മായ തമ്പാന്‍ ചീഫ് എന്‍ജിനീയര്‍ ഡിസ്ട്രിബ്യൂഷന്‍ നോര്‍ത്ത് കോഴിക്കോട,് ഷാജി സുധാകരന്‍ ചീഫ് എന്‍ജിനീയര്‍ ട്രാന്‍സ്മിഷന്‍ നോര്‍ത്ത് കോഴിക്കോട്, കെ.എസ്.ഇ.ബി ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു