
ഉച്ചയ്ക്ക് ഒന്നരക്ക് ജിഫ്രി തങ്ങൾ സമാപന പ്രാർഥനക്ക് നേതൃത്വം നൽകും
തിരൂരങ്ങാടി : മമ്പുറം നേർച്ച ഇന്ന് സമാപിക്കും.
നേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം ഇന്ന് രാവിലെ എട്ട് മണിക്ക് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, എ.പി സുധീഷ് എന്നിവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ അന്നദാനത്തിനായി തയ്യാറാക്കും.
ഉച്ചക്ക് ഒന്നരക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആ മജ്‌ലിസോടെ ഒരാഴ്ച കാലത്തെ 187-ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും.
തിരൂരങ്ങാടി ടുഡേ
വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd?mode=r_t
187-ാമത് മമ്പുറം ആണ്ടുനേർച്ചയാേടനുബന്ധിച്ച് ഇന്നലെ രാത്രി നടന്ന അനുസ്മരണ ദിക്റ് ദുആ സമ്മേളനത്തിൽ പ്രാർഥനയിലലിഞ്ഞ് വിശ്വാസികൾ. ആത്മീയ നേതാക്കളും പണ്ഡിതരും പങ്കെടുത്ത സദസ്സിൽ ആത്മീയ സായൂജ്യം തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് മമ്പുറത്ത് എത്തിയത്. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട് ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലക്ക് കീഴിൽ മമ്പുറം മഖാമിനോട് ചേർന്നുപ്രവർത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽനിന്ന് പഠനം പൂർത്തിയാക്കിയ 10 വിദ്യാർഥികൾക്കുള്ള ഹാഫിള് പട്ടം ഉമർ മുസ്‌ലിയാർ വിതരണം ചെയ്തു. കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസ്വിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി. യു. ശാഫി ഹാജി ചെമ്മാട് , സമസ്ത കേന്ദ്ര മുശാവറാംഗം എം.പി മുസ്ഥഫൽ ഫൈസി, കെ. എ റഹ്മാൻ ഫൈസി, അബ്ദുൽ ഗഫൂർ ഖാസിമി, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ, കെ. എം സൈദലവി ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട് , കെ.സി മുഹമ്മദ് ബാഖവി, സി.എച്ച് ശരീഫ് ഹുദവി, ഹംസ ഹാജി മൂന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, എ.കെ മൊയ്തീൻ കുട്ടി പങ്കെടുത്തു
തിരൂരങ്ങാടി ടുഡേ
ഗതാഗത നിയന്ത്രണം
തിരൂരങ്ങാടി : 187-ാമത് മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ന് (03 ജൂലൈ) രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും മമ്പുറം പാലം വഴി വാഹനങ്ങൾ കടന്ന് പോവാൻ അനുവദിക്കുന്നതല്ല. മഖാമിലേക്ക് വരുന്നവർ നടപ്പാലം വഴിയും പുതിയപാലം വഴിയും കാൽനടയായി മാത്രം വരേണ്ടതും തിരിച്ച് പോവേണ്ടതുമാണെന്നും മഖാമിലേക്ക് വരുന്ന വാഹനങ്ങൾ നാഷ ണൽ ഹൈവെയിൽ നിന്ന് വി.കെ പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചു പോകേണ്ടതാണെന്നും പോലീസ് അറിയിച്ചു.
10 വിദ്യാർഥികൾ ഹാഫിള് പട്ടം സ്വീകരിച്ചു
ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലക്ക് കീഴിൽ മമ്പുറത്ത് പ്രവർത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ള് കോളേജില്‍നിന്ന് വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ 10 വിദ്യാര്‍ത്ഥികള്‍ ഹാഫിള് പട്ടം സ്വീകരിച്ചു. സമസ്ത ട്രഷറർ പി.പി ഉമർ മുസ്‌ലിയാര്‍ സനദ് ദാനം നടത്തി.
ദാറുല്‍ഹുദാ വി.സി ഡോ. ബഹഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
യു.എ.ഇ, കുവൈത്ത്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങിലെ ഔഖാഫിനു കീഴിലുള്ള അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങളിലും നിരവധി ദേശീയ ഹിഫ്‌ള് മത്സരങ്ങളിലും ഇതിനകം മമ്പുറം ഹിഫ്ള് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം
മമ്പുറം ആണ്ടുനേർച്ചയുടെ പ്രധാന ചടങ്ങായ അന്നദാനത്തിനുള്ള ഒരുക്കങ്ങൾ ഇന്നലെ രാത്രിയോടെ ദാറുൽഹുദാ കാമ്പസിൽ സജീവമായി. ദാറുൽഹുദാ ഡിഗ്രി വിഭാഗം പ്രിൻസിപ്പാൾ സി. യൂസുഫ് ഫൈസി മേൽമുറി പാചകത്തിന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മമ്പുറം തങ്ങളുടെ പുണ്യം തേടിയെത്തുന്ന തീർത്ഥാടകർക്ക് ഒരു ലക്ഷത്തിലധികം നെയ്ച്ചോർ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ദാറുല്‍ഹുദാ കാമ്പസില്‍ ഒരുക്കിയ വിശാലമായ പന്തലിലാണ് പാചകം നടക്കുന്നത്. നൂറോളം ചെമ്പുകളില്‍ തവണകളായി മുന്നൂറ്റി അമ്പതോളം ചാക്ക് അരിയാണ് പാകം ചെയ്യുന്നത്. ഇന്നലെ രാത്രി മുതല്‍ തന്നെ ദാറുല്‍ഹുദായിലെ അധ്യാപകരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അന്നദാനത്തിനുള്ള ഭക്ഷണം പ്രത്യേക പെട്ടികളിലാക്കി തുടങ്ങി. ഇന്ന് രാവിലെ നിരവധി ലോറികളിലായി മമ്പുറത്തെത്തിച്ചാണ് വിതരണം ചെയ്യുക. ഭക്ഷണവിതരണത്തിനായി സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും പ്രത്യേക കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്.