വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു ; മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം തടവും പിഴയും

തൃശൂര്‍: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഒന്നാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മലപ്പുറം സ്വദേശിക്ക് 20 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം അയരൂര്‍ ആലുങ്ങല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെ (34) ആണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്.

2011 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഇയാള്‍ ബാലികയെ പീഡിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സംഭവം നടന്നതിന് ശേഷം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി ഈ സംഭവം ആരോടും പറഞ്ഞിരുന്നില്ല. കുട്ടിക്ക് പനിയും തലവേദനയും മാനസിക ബുദ്ധിമുട്ടുകളും തുടങ്ങിയതിനെ തുടര്‍ന്ന് കുട്ടിയെ പല ഡോക്ടര്‍മാരെ കാണിച്ച് ചികിത്സിക്കുകയും പിന്നീട് ഇരിങ്ങാലക്കുടയില്‍ കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്തു. കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി ഉണ്ടായ സംഭവം വെളിപ്പെടുത്തിയത്. ഇതോടെ സി.ഡബ്ല്യു.സി മുമ്പാകെ പരാതി നല്‍കി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു. പിന്നീട് കോടതിയില്‍ നിന്ന് കൂടുതല്‍ അന്വേഷണ ഉത്തരവായതിനെ തുടര്‍ന്ന് വടക്കേക്കാട് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

കേസ് ആദ്യാന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് കെ.ജി സുരേഷ്, എ.ജെ ജോണ്‍സന്‍ എന്നിവരും പിന്നീട് കൂടുതല്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് അമൃതരംഗനുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയും സഹായിക്കുന്നതിന് വേണ്ടി അഡ്വ. രഞ്ജിത കെ. ചന്ദ്രന്‍, കെ.എന്‍ അശ്വതി എന്നിവരും ഹാജരായി. കേസിന്റെ വിചാരണയ്ക്ക് സഹായികളായി സി.പി.ഒമാരായ സുജിത്ത്, രതീഷ്, ബിനീഷ്, എം. ഗീത എന്നിവരും പ്രവര്‍ത്തിച്ചു.

error: Content is protected !!