
ചെമ്മാട്: രാജ്യത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടുന്ന ചെമ്മാട് ഹജൂർ കച്ചേരിയോടുള്ള തിരൂരങ്ങാടി പൊലീസിന്റെ അവഗണന തുടരുന്നതായി പരാതി. ജില്ലാ പൈതൃക മ്യൂസിയമായി നവീകരിച്ച ചരിത്രകെട്ടിടത്തിന് മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കൂട്ടിയിടാൻ തുടങ്ങിയതോടെ മ്യൂസിയം പരിസരം വാഹനങ്ങളുടെ പാർക്കിങ് കേന്ദ്രമായി മാറിയിരിക്കുകയാണ്.
അപകടങ്ങളിൽപ്പെട്ടതും ലഹരിക്കേസുകളടക്കമുള്ള വിവിധ കേസുകളിൽ പൊലീസ് പിടിച്ചെടുത്തതുമായ നിരവധി വാഹനങ്ങളാണ് ഹജൂർ കച്ചേരിക്ക് മുന്നിലെ ഇന്റർലോക്ക് പതിച്ച സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത്. നിരവധി ബൈക്കുകളും ഓട്ടോറിക്ഷകളും ഉൾപ്പെടെ അമ്പതിലേറെ വാഹനങ്ങൾ ഇവിടെ കെട്ടിക്കിടക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.
പൊലീസ് സ്റ്റേഷൻ പരിസരവും വളപ്പും വൃത്തിയായി സൂക്ഷിക്കുന്നതിനും വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നതിനുമായി ആഭ്യന്തര വകുപ്പ് നടപ്പാക്കിയ SPACE (Scrap Processing for Area Clean-up and Enhancement) പദ്ധതിയുടെ ലക്ഷ്യങ്ങൾക്കും വിരുദ്ധമായാണ് വാഹനങ്ങൾ വീണ്ടും ഇവിടെ എത്തിക്കുന്നതെന്നാണ് ആരോപണം.
പൊലീസ് സ്റ്റേഷന് സമീപം ആഭ്യന്തര വകുപ്പിന്റെ തന്നെ ഏകദേശം ഒന്നര ഏക്കർ ഭൂമി ഉപയോഗിക്കാതെ കാടുമൂടിക്കിടക്കുമ്പോഴാണ് മ്യൂസിയത്തിനായി നവീകരിച്ച സ്ഥലത്ത് തൊണ്ടിവാഹനങ്ങൾ നിർത്തുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് താനൂർ ഡി.വൈ.എസ്.പിക്കും തിരൂരങ്ങാടി സി.ഐക്കും പരാതി നൽകിയതിനെ തുടർന്ന് ഇവിടെ ഉണ്ടായിരുന്ന നിരവധി വാഹനങ്ങൾ നീക്കം ചെയ്തിരുന്നു. എന്നാൽ, പിന്നീട് വീണ്ടും നിരവധി വാഹനങ്ങൾ ഹജൂർ കച്ചേരിക്കു മുന്നിൽ എത്തിക്കുകയായിരുന്നു.
ചരിത്രസ്മാരകം മനോഹരമായി നവീകരിച്ച് ജില്ലാ പൈതൃക മ്യൂസിയമാക്കി മാറ്റിയ സാഹചര്യത്തിൽ, ടിക്കറ്റെടുത്ത് മ്യൂസിയം സന്ദർശിക്കാനെത്തുന്നവർക്കും വാഹനങ്ങൾ അസൗകര്യം സൃഷ്ടിക്കുന്നുണ്ട്. പൊലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ട്രഷറി, മ്യൂസിയം എന്നിവിടങ്ങളിലേക്ക് എത്തുന്ന പൊതുജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും തൊണ്ടിവാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്.
ചരിത്രസ്മാരകത്തിന്റെ മുന്നിൽ തൊണ്ടിവാഹനങ്ങൾ കുന്നുകൂടുന്നത് മ്യൂസിയത്തിന്റെ സൗന്ദര്യവും പൈതൃക പ്രാധാന്യവും ഒരുപോലെ നഷ്ടപ്പെടുത്തുന്നതായാണ് നാട്ടുകാരുടെ പരാതി. വാഹനങ്ങൾ അടിയന്തരമായി മാറ്റി പരിസരം ശുചീകരിക്കുകയും ഹജൂർ കച്ചേരി പരിസരം പൈതൃകസ്മാരകത്തിന് അനുയോജ്യമായ രീതിയിൽ സംരക്ഷിക്കുകയും വേണമെന്നാണ് ആവശ്യം.
SPACE പദ്ധതിയുടെ ലക്ഷ്യം തന്നെ പ്രദേശ ശുചീകരണവും മെച്ചപ്പെടുത്തലുമാണെന്നിരിക്കെ, പദ്ധതിയുടെ പേരിൽ വാഹനങ്ങൾ നീക്കം ചെയ്യേണ്ട പൊലീസ് തന്നെ പൈതൃക മ്യൂസിയത്തിന്റെ മുന്നിൽ തൊണ്ടിവാഹനങ്ങൾ വീണ്ടും കൂട്ടിയിടുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.