പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല, ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും, തീപ്പന്തം പോലെ കത്തും ; സിപിഎമ്മിന് മറുപടിയുമായി അന്‍വര്‍

മലപ്പുറം: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ പത്ര സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിന് മറുപടിയുമായി പി.വി അന്‍വര്‍. സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് പറഞ്ഞത്. സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.

സാധാരണക്കാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ പാര്‍ട്ടി ഓഫീസിലേക്ക് വരാത്ത സ്ഥിതിയാണ് ഇന്നുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടത്തെ സാധാരണക്കാരാണ്. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തും. ജനങ്ങളെ ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചു.

എനിക്ക് കമ്യൂണിസ്റ്റ് ഭാഷ അറിയില്ല. മനുഷ്യന്റെ ഭാഷയിലാണു സംസാരിക്കുന്നത്. പക്ഷേ ഒരു പ്രശ്‌നമുണ്ടായാല്‍ സാധാരണക്കാരായ പ്രവര്‍ത്തകരോട് വിളിച്ചുചോദിക്കണം. ഞാന്‍ കമ്യൂണിസം പഠിച്ച് വന്നതല്ല. സാധാരണക്കാര്‍ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. സാധാരണ പാര്‍ട്ടിക്കാര്‍ക്ക് ഒപ്പമാണ് ഞാന്‍. ആര്‍ക്കൊപ്പം വേണമെന്ന് പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടേ. യഥാര്‍ത്ഥ പ്രവര്‍ത്തകര്‍ക്ക് കാര്യം മനസിലായിട്ടുണ്ട്. ഏഴാംകൂലിയായ അന്‍വര്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയിട്ടില്ല. അതുനടത്താതെ എന്റെ നെഞ്ചത്തേക്ക് കയറിയിട്ട് കാര്യമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ഇവനാരിത് ഇതൊക്കെ പറയാന്‍, സംഘടനയുമായി ബന്ധമില്ലാത്തവന്‍ എന്ന രീതിയിലാണ് എന്റെ വാദങ്ങളെ പാര്‍ട്ടി കാണുന്നത്. എന്നെ ചവിട്ടി പുറത്താക്കിയതുകൊണ്ട് ഞാന്‍ പുറത്തുപോകില്ല. ഞാന്‍ കാവല്‍ക്കാരനായി റോഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി നില്‍ക്കും. ഞാന്‍ നിര്‍ത്തില്ല പറഞ്ഞുകൊണ്ടിരിക്കും. കോക്കസിലില്ലാത്തവര്‍ എനിക്കൊപ്പം നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു.

error: Content is protected !!