മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതം ; പ്രസിഡന്റ് എന്‍എം സുഹറാബി

തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ജനജീവന്‍ മിഷന്‍ പദ്ധതി നടപ്പിലാക്കേണ്ട എന്ന തീരുമാമെടുത്തെന്ന പേരില്‍ നടക്കുന്ന പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു.

മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ജലനിധി പദ്ധതി പ്രകാരം 5504 കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്.അതില്‍ 98 പേര്‍ വെള്ളം ആവശ്യമില്ലെന്ന് ആവശ്യപ്പെട്ടതിനാല്‍ കണക്ഷന്‍ ഒഴിവാക്കി. 5406കുടുംബങ്ങള്‍ക്ക് വെള്ളം നല്‍കി വരുന്നുണ്ട്. പുതിയ കണക്ഷന്‍ ആവശ്യപ്പെട്ട് 152 അപേക്ഷ ജലനിധി ഓഫിസില്‍ ലഭ്യമായിട്ടുണ്ടെന്നറിഞ്ഞു. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെടാതെ 2500 പുതിയ കണക്ഷന്‍ നല്‍കുവാന്‍ ജലജീവന്‍ നടപടികളുമായി മുന്നോട്ട് പോയത്. മൂന്നിയൂര്‍ പഞ്ചായത്തില്‍ കുടിവെള്ളം ആവശ്യമുള്ള 90% ആളുകള്‍ക്കും വെള്ളം ലഭ്യമായതിനാല്‍ ഭാവിയില്‍ ജലസ്രോതസ്സില്‍ കുറവുണ്ടാവുകയാണെങ്കില്‍ ബള്‍ക്ക് വാട്ടര്‍ നല്‍കണമെന്നാണ് ജലജീവനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ കണക്ഷന്‍ നല്‍കാനാണ് ജലജീവന്‍ മുന്നോട്ട് വന്നതെന്ന് സുഹറാബി പറഞ്ഞു.

ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിക്കുന്നതില്‍ ഭരണ സമിതി പ്രയാസപ്പെട്ട് കൊണ്ടിരിക്കുകയാണ്. ആയതിനാല്‍ നവീകരണം പൂര്‍ത്തീകരിച്ച റോഡ് വീണ്ടും വെട്ടി പ്പൊളിച്ച് ഗുണഭോക്താക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് ജലജീവന്റെ പുതിയ കണക്ഷന്‍ ആവശ്യമില്ലെന്ന് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്. ജലനിധി നിലവിലുള്ള പഞ്ചായത്തുകളില്‍,ജലജീവന്‍ നടപ്പാക്കുന്നതുന്നതും നിലവിലുള്ള സ്‌കീം ലെവല്‍ കമ്മറ്റിയാണ്. പ്രസ്തുത കമ്മറ്റി ജലജീവന്‍ കണക്ഷന് ഫീസ് വാങ്ങുന്നുണ്ട്.ഇടതുപക്ഷം ഭരിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തില്‍ 2500 രൂപ അഡ്വാന്‍സ് ആയി കണക്ഷന്‍ ഫീസ് വാങ്ങുന്നുണ്ട്. ബാക്കി സംഖ്യ കണക്ഷന്‍ ലഭിക്കുന്ന മുറക്ക് നല്‍കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് അറിയിച്ചു.

ജലനിധി നിലവിലുള്ള പഞ്ചായത്തുകളില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വെള്ളം ഫ്രീയായി നല്‍കാനോ കണക്ഷന്‍ ഫ്രീയായി നല്‍കുവാനോ സാധിക്കുകയില്ല. വാട്ടര്‍ അതോറിറ്റി നേരിട്ട് നടപ്പാക്കുന്ന പഞ്ചായത്തില്‍ സ്ഥിതി അറിയില്ല. വസ്തുതകള്‍ ഇതായിരിക്കെ മൂന്നിയൂര്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ നടത്തുന്ന എല്‍ഡിഎഫ് മെമ്പര്‍മാരുടെ പ്രചരണം അടിസ്ഥാന രഹിതവും തെറ്റിദ്ധാരണ പരത്തുന്നതുമാണ്. ജലനിധി പദ്ധതിക്ക് എതിരെ സമരം നടത്തി, ഒരിക്കലും പദ്ധതി കമ്മിഷന്‍ ചെയ്യാന്‍ സമ്മതിക്കില്ലെന്ന് പ്രചരണം നടത്തിയ എല്‍ഡിഎഫ് മെമ്പര്‍മാര്‍ പദ്ധതി വിജയകരമായി നടപ്പാക്കിയതോടെ ജനങ്ങള്‍ക്കിടയില്‍ പരിഹാസ്യരായി. അതിലുള്ള നീരസമാണ് പുതിയ പ്രചരണത്തിന് പിന്നിലെന്ന് പ്രസിഡന്റ് ആരോപിച്ചു.

കഴിഞ്ഞ ജനുവരി 5 നു കേരളത്തിന്റെ ധന മന്ത്രി അവതരിപ്പിച്ച ബഡ്ജറ്റില്‍ ജലജീവന്‍ പദ്ധതിയില്‍ 10% ഗുണഭോക്തൃ വിഹിതം അടക്കണമെന്ന് വ്യക്തമായി പറയുന്നുണ്ട്, ഫ്രീ കണക്ഷന്‍ എങ്ങിനെ നല്‍കുമെന്ന് പ്രസിഡന്റ് ചോദിച്ചു.

ജലനിധി പഞ്ചായത്തിന്റെ പദ്ധതിയല്ല. സര്‍ക്കാര്‍ പദ്ധതിയാണ്. 50% കേന്ദ്രവും 25% കേരള സര്‍ക്കാരും 15%പഞ്ചായത്തും 10% ഗുണഭോക്തൃ വിഹിതവുമാണ്. ഇതേ സംവിധാനമാണ് ജലജീവന്‍ പദ്ധതിക്കും ഉള്ളത്. തീരദേശ നിയമം മൂന്നിയൂര്‍ പഞ്ചായത്തില്‍ മണ്ണാട്ടാംപ്പാറക്ക് മേല്‍ഭാഗത്തേക്ക് ആവശ്യമില്ലെന്ന് ഗവണ്‍മെന്റിനെ ബോധ്യപ്പെടുത്തി ആ ഭാഗത്തുള്ളവര്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കി വന്നതും മൂന്നിയൂര്‍ പഞ്ചായത്താണ്.അതിന് ശേഷമാണ് വള്ളിക്കുന്ന് പഞ്ചായത്ത് മൂന്നിയൂരിന്റെ മാര്‍ഗം സ്വീകരിച്ചത്. തീരദേശ നിയമം നിലനിന്നയവസരത്തില്‍ യുഎ നമ്പര്‍ (അണ്‍ ഓതറൈസ്ഡ് നമ്പര്‍ ) ലഭിച്ചവര്‍ക്ക് അത് നിയമാനുസൃതമാക്കുന്നതിന് ‘സഞ്ചയ’ സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ ഓപ്പണ്‍ ചെയ്യാത്ത സാങ്കേതിക പ്രശ്‌നം നിലനില്‍ക്കുകയാണ്. സോഫ്റ്റ് വെയര്‍ ഓപ്പണായി കിട്ടുന്ന പക്ഷം നികുതി റെഗുലൈസ് ചെയ്യുവാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും സുഹറാബി പറഞ്ഞു.

കാര്യക്ഷ്മമായ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനപ്രിയ ബഡ്ജറ്റ് അവതരിപ്പിച്ച് മുന്നേറുന്ന പഞ്ചായത്ത് ഭരണ സമിതിയെ തെറ്റിദ്ധരിപ്പിക്കുവാനുള്ള ശ്രമം അപലപനീയമാണ്.സത്യം തിരിച്ചറിയാനുള്ള വിവേകം മൂന്നിയൂരിലെ നല്ലവരായ ജനങ്ങള്‍ക്കുണ്ടെന്ന് യു ഡി എഫ് ഭരണാസമിതിക്കു അറിയാം. ലോക സഭ തിരഞ്ഞെടുപ്പിന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാത്ത എല്‍ ഡി എഫ് മെമ്പര്‍മാര്‍ ജനശ്രദ്ധ ആകര്‍ഷിക്കുവാന്‍ കെട്ടുകഥ മെനയുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍എം സുഹറാബി അറിയിച്ചു.

error: Content is protected !!