എസ്പി സുജിത്ത് ദാസ് രണ്ട് തവണ ബലാത്സംഗം ചെയ്തു, സിഐയും ബലാത്സംഗം ചെയ്തു, ഡിവൈഎസ്പി ബെന്നിയും ഉപദ്രവിച്ചു ; പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : മലപ്പുറം മുന്‍ എസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ രംഗത്ത്. മലപ്പുറം മുന്‍ എസ്പിയായിരുന്ന സുജിത്ത് ദാസ്, പൊന്നാനി സിഐ വിനോദ്, തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എസ്പിയും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്‌തെന്ന് യുവതി പറയുന്നു.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ്, പൊന്നാനി മുന്‍ സി.ഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈ.എസ്.പി വി.വി. ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതി പറയുന്നത്. സുഹൃത്തായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ എസ്.പി ആവശ്യപ്പെട്ടുവെന്നും പൊന്നാനി സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.

എസ്പി സുജിത്ത് ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തു. പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രി തന്റെ അങ്കിളാണെന്ന് പറഞ്ഞു. രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടെയുണ്ടായിരുന്നു. അത് കസ്റ്റംസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നും അയാള്‍ക്ക് കൂടി വഴങ്ങണമെന്നും എസ്പി സുജിത്ത് ദാസ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ സമ്മതിച്ചില്ലെന്നും വീട്ടമ്മ പറയുന്നു. രണ്ടു വര്‍ഷം മുമ്പാണ് സംഭവമെന്നും വീട്ടമ്മ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തി.

2022ലാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ആദ്യം പരാതി നല്‍കിയ പൊന്നാനി സി.ഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡി.വൈ.എസ്.പി ബെന്നിക്ക് കൈമാറിയെന്നും എന്നാല്‍, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവര്‍ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊന്നു കളയുമെന്ന് സുജിത് ദാസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും വെളിപ്പെടുത്തലുണ്ട്.

പരാതിയുമായി രണ്ടു തവണ സുജിത് ദാസിനെ കണ്ടു. പിന്നീട് കുട്ടിയില്ലാതെ തനിച്ചുവരാന്‍ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കയിലേക്ക് വരാനും ആവശ്യപ്പെട്ടു. മറ്റൊരു നമ്പറില്‍ നിന്നാണ് വിളിച്ചത്. എസ്പി ഓഫീസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാള്‍ കൂട്ടിക്കൊണ്ടുപോവുകയും അവിടെ എസ്പി ഉണ്ടായിരുന്നുവെന്നും വീട്ടമ്മ പറയുന്നു. അവിടെ വെച്ചാണ് പീഡിപ്പിച്ചത്. പിന്നീട് പലപ്പോഴായി വീഡിയോ കോള്‍ വിളിക്കുമായിരുന്നു. രണ്ടാഴ്ച്ച കഴിഞ്ഞ് വീണ്ടും വിളിച്ചു. കസ്റ്റംസിലുള്ള സുഹൃത്ത് വന്നെന്ന് പറഞ്ഞാണ് വിളിച്ചത്. അവിടെ പോയപ്പോള്‍ ഇരുവരും മദ്യപിക്കുകയായിരുന്നു. തന്നെയും മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞെങ്കിലും കുടിച്ചില്ല. തുടര്‍ന്ന് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും വീട്ടമ്മ പറയുന്നു.

സംഭവത്തെ കുറിച്ച് വീട്ടമ്മ പറയുന്നതിങ്ങനെ: ‘ഞാന്‍ പരാതിയുമായി വിനോദ് സാറിന്റെ അടുത്ത് പോയി. വീടിന്റെ അവകാശത്തിന്റെ കാര്യത്തിനാണ് പോയത്. ഞാന്‍ അങ്ങോട്ട് വരാമെന്ന് സാര്‍ പറഞ്ഞു. ഞാനും വീട്ടിലുള്ള പെണ്ണും തിണ്ണയില്‍ കിടക്കുകയായിരുന്നു. ഒമ്പതര സമയത്ത് വാതിലില്‍ മുട്ടി, ഞാന്‍ തുറന്നു. ഇതാരാണെന്ന് കൂടെയുള്ള പെണ്ണ് ചോദിച്ചു. പൊന്നാനി സിഐ ആണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഞങ്ങള്‍ തിണ്ണയില്‍ ഇരുന്ന് സംസാരിച്ചു. രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് വിളിച്ചു. റൂമില്‍ ചെന്നപ്പോള്‍ കതക് അടയ്ക്കാന്‍ പറഞ്ഞു, ഞാന്‍ അടച്ചു. ബലമായി എന്നെ പിടിച്ചു എനിക്ക് വഴങ്ങിക്കൊടുക്കേണ്ടി വന്നു. പിന്നീട് ഈ കേസ് സംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടായില്ല. വീണ്ടും പരാതി എഴുതി ഡിവൈഎസ്പി ബെന്നിക്ക് നല്‍കി. ഡിവൈഎസ്പി ബെന്നി പരാതി മുഴുവന്‍ വായിച്ചു. അത് തേഞ്ഞു പോകില്ലല്ലോ അവിടെത്തന്നെ കാണുമല്ലോ എന്നും പറഞ്ഞു. പിന്നീട് വെറുതെ പറഞ്ഞതാണെന്ന് പറഞ്ഞു ചിരിച്ചു. കുറെ നാള്‍ ഇതിനെക്കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. ഒരു ദിവസം ഡിവൈഎസ്പി സാധാരണ ഡ്രസ്സില്‍ വീട്ടില്‍ കയറി വന്നു. നിന്റെ കാര്യം ശരിയായിട്ടുണ്ട് എന്ന് പറഞ്ഞു, ഇരുന്ന് ജ്യൂസ് കുടിച്ചു. എന്നെ ഉപദ്രവിച്ച ശേഷം മടങ്ങിപ്പോയി. രണ്ടുമൂന്നു മാസത്തേക്ക് ഇത് സംബന്ധിച്ച് ഒരു വിവരവും ഉണ്ടായില്ല. പരാതി നല്‍കാനായി എസ്പിയുടെ ഓഫിസില്‍ മൂന്നുതവണ കയറിയിറങ്ങി. എന്റെ റൂമിലേക്ക് വരൂ അവിടെവച്ച് സംസാരിക്കാമെന്ന് എസ്പി പറഞ്ഞു. അവിടെവെച്ച് പീഡിപ്പിക്കപ്പെട്ടു. എന്റെ വീടും ശരിയായില്ല. വിനോദ് ചെയ്തതിനും നടപടി ഉണ്ടായില്ല. മൂന്നുപേരും ചേര്‍ന്ന് എന്നെ മുതലാക്കി, എനിക്ക് നീതി ലഭിച്ചില്ല. ഒരു ദിവസം എസ്പി വിളിച്ചു സംസാരിച്ചു. അക്കൗണ്ട് വിവരം ചോദിച്ചു. ഇഷ്ടമുള്ള അത്രയും പൈസ എടുത്തോളൂ എന്നു പറഞ്ഞു. പേടിയാണ് പൈസ വേണ്ടെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ നിര്‍ബന്ധിച്ചില്ല, പിന്നീട് അതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചില്ല. അയാളുടെ ഓഫീസില്‍ വച്ചാണ് സംസാരിച്ചത്. സിറ്റൗട്ടിലിട്ട എന്റെ ചെരുപ്പ് അയാള്‍ അകത്തു കൊണ്ടുവന്നു. ഒന്നരമണി മുതല്‍ നാലര മണി വരെ അയാള്‍ എന്നെ ഉപദ്രവിച്ചു. അയാള്‍ മദ്യലഹരിയില്‍ ആയിരുന്നു, എന്നെയും കുടിക്കാന്‍ നിര്‍ബന്ധിച്ചു. പെണ്ണുങ്ങള്‍ക്കുള്ള ബിയര്‍ ആണെന്ന് പറഞ്ഞെങ്കിലും ഞാന്‍ കുടിച്ചില്ല. പുറത്തു പറഞ്ഞാല്‍ പുറംലോകം ഇല്ലെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. രണ്ടു കുട്ടികള്‍ക്ക് ഉമ്മ ഇല്ലാതാക്കും എന്ന് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഞാന്‍ പറഞ്ഞതിന് അപ്പുറം ഇല്ലെന്നാണ് എസ്പി പറഞ്ഞത്. മറ്റ് ഉദ്യോഗസ്ഥരും ഞാന്‍ പറയുന്നത് മാത്രമേ കേള്‍ക്കൂ എന്ന് പറഞ്ഞു. ഞാന്‍ ഒന്നും പറയില്ലെന്ന് തലയില്‍ കൈവെച്ച് സത്യം ചെയ്തു”

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!