താനൂര്‍ : താനൂരില്‍ ലഹരിമരുന്ന് കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീന്‍ കുട്ടിക്ക് മേല്‍നോട്ട ചുമതലയും നല്‍കി. ജില്ലാ ക്രൈം ബ്രാഞ്ചില്‍ നിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. അന്വേഷണ ചുമതലയില്‍ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റുകയും ചെയ്തു.
അതേസമയം താമിര്‍ ജിഫ്രിക്ക് മര്‍ദ്ദനമേറ്റെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചന. കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ. ഇയാളുടെ ആമാശയത്തില്‍ നിന്ന് ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു അടങ്ങിയ 2 പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തി. ഇത് എംഡിഎംഎയാണോ എന്നാണ് സംശയം.
ഇന്നലെ വൈകിട്ട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പൊലീസ് സര്‍ജന്‍ ഡോ.ഹിതേഷ് ശങ്കറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് താമിറിന്റെ പുറത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് തിരിച്ചറിഞ്ഞത്. താമിറിന്റെ ശരീരത്തില്‍ 13 പരുക്കുകളുണ്ടായിരുന്നു. ശരീരമാസകലം മര്‍ദനമേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിറിന്റെ നടുവിന്റെ കീഴ്ഭാഗത്ത്, തുടയില്‍, കാലിന്റെ അടിഭാഗത്ത് എന്നിവിടങ്ങളിലെല്ലാം താമിറിന് മര്‍ദനമേറ്റിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലെടുത്ത തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി കഴിഞ്ഞ ദിവസമാണ് മരിച്ചത്. താമിര്‍ ജിഫ്രിയെയും മറ്റ് നാല് പേരെയും എംഡിഎംഎയുമായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.45 ഓടെയാണ് താനൂര്‍ ദേവധാര്‍ മേല്‍പാലത്തിനു സമീപത്തുവച്ച് താനൂര്‍ എസ്ഐയുടെ നേതൃത്വത്തില്‍ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായെന്ന് പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചെന്നുമാണ് പൊലീസ് വിശദീകരണം.
ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമാണ്. പുലര്‍ച്ചെ മരിച്ചിട്ടും രാവിലെ 10.30നാണ് വീട്ടുകാരെ അറിയിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് നടപടിക്രമങ്ങളില്‍ വീഴ്ച ഉണ്ടോ എന്ന് അന്വേഷിക്കുമെന്ന് മലപ്പുറം എസ് പി അറിയിച്ചു.