ഷാരൂഖ് അതേ ട്രെയിനിൽ കണ്ണൂരിലെത്തി?; പൊള്ളലിന് ചികിത്സ തേടി രത്‌നഗിരിയിലെ ആശുപത്രിയിൽ, പിന്നാലെ പിടിയിൽ
കോഴിക്കോട്∙ എലത്തൂരിൽ ഓടുന്ന ട്രെയിനിനുള്ളിൽ തീ കൊളുത്തിയ കേസിലെ പ്രതിക്കായി ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെയാണ്, ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നും പിടികൂടിയെന്ന വാർത്ത പുറത്തുവരുന്നത്. പൊള്ളലേറ്റ നിലയിൽ മഹാരാരാഷ്ട്രയിൽ കൊങ്കൺ മേഖലയിലെ രത്‌നഗിരിയിൽ ആശുപത്രിയിൽ ചികിത്സ തേടിയ ഷാരൂഖ് സെയ്ഫിയെ, അവിടെനിന്നാണ് എടിഎസ് കസ്റ്റഡിയിലെടുത്തതെന്നാണു ലഭിക്കുന്ന വിവരം. തുടർന്ന് ഇക്കാര്യം കേരളത്തിൽനിന്നുള്ള ഭീകരവിരുദ്ധ സ്ക്വാഡിനെ അറിയിക്കുകയായിരുന്നു.
ഷാരൂഖ് സെയ്ഫിക്ക് പൊള്ളലേറ്റതിനു പുറമെ മറ്റു ചില പരുക്കുകളുമുണ്ട്. തലയ്ക്കേറ്റ പരുക്കിനെ തുടർന്നാണ് ചികിത്സ തേടിയതെന്നും റിപ്പോർട്ടുണ്ട്. രത്‌നഗിരിയിൽ നിന്നും അജ്മീറിലേക്കു കടക്കാനായിരുന്നു ശ്രമമെന്ന് ഷാരൂഖ് സെയ്ഫി മൊഴി നൽകി. അതേസമയം, തീയിട്ട ട്രെയിനിൽത്തന്നെയാണ് ഷാരൂഖ് സെയ്ഫി കണ്ണ...