തിരൂരങ്ങാടിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍, ലഹരിയും അക്രമവാസനയും ജനജീവിതം താറുമാറാക്കുന്നു : നഗരസഭ പരിശോധിച്ച് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരൂരങ്ങാടി : തിരൂരങ്ങാടി വടക്കേ മമ്പുറത്ത് ഒരു വീട്ടിലും ക്വാര്‍ട്ടഴ്‌സിലുമായി വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിത സാഹചര്യം തിരൂരങ്ങാടി മുനിസിപ്പാലിറ്റി അധികൃതര്‍ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ഇതിനാവശ്യമായ പോലീസ് സഹായം തിരൂരങ്ങാടി എസ് എച്ച് ഒ നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മണ്ടയാപ്പുറത്ത് മൊയ്തീന്‍കുട്ടി എന്നയാളാണ് അനധികൃതമായി ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്നതെന്ന് പന്താരങ്ങാടി സ്വദേശി അബ്ദുള്‍ റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും അക്രമവാസനയും കാരണം ജനജീവിതം താറുമാറായതായി പരാതിയില്‍ പറയുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും പ്രദേശവാസികളുടെ സ്വസ്ഥതയ്ക്ക് ഭീഷണിയാവുന്നില്ലെന്നും തിരൂരങ്ങാടി എസ് എച്ച് ഒ ഉറപ്പാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ തിരൂരങ്ങാടി നഗരസഭാ സെക്രട്ടറിയും എസ് എച്ച് ഒ യും 2 മാസത്തിനകം കമ്മീഷനെ അറിയിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴിലോ താമസമോ നിഷേധിക്കരുതെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

രാജ്യത്ത് ആര്‍ക്കും എവിടെയും ജോലി ചെയ്യാനും താമസിക്കാനുമുള്ള സൗകര്യം ഭരണഘടന ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ നിയമങ്ങളെ നഗ്‌നമായി വെല്ലുവിളിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. മതിയായ സൗകര്യങ്ങള്‍ നല്‍കാതെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്ന വിധത്തില്‍ ഇതര സംസ്ഥന തൊഴിലാളികളെ താമസിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു.

അനധികൃതമായി താമസിപ്പിച്ചിട്ടുള്ളവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും കെട്ടിടെ ഉടമ നടപടി സ്വീകരിച്ചില്ലെന്ന് തിരൂരങ്ങാടി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കെട്ടിടം ഉടമയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി നഗരസഭയുടെ പരാതി തിരൂരങ്ങാടി പോലീസിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

error: Content is protected !!