
വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പാണ്ടിക്കടവത്ത് അബു താഹിർ പ്രസിഡൻ്റ് ആകും. ഇന്ന് രാവിലെ 11 മണിക്ക് ആണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. മുസ്ലിം അംഗങ്ങൾക്കിടയിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ ചൊല്ലി പ്രതിഷേധം ഉള്ളതിനാൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഇല്ലാത്തതിനാൽ അട്ടിമറി ഉണ്ടാകില്ല, അബു താഹിർ തന്നെ പ്രസിഡൻ്റ് ആകും.
ബ്ലോക്ക് പ്രസിഡൻ്റ് ആയിരുന്ന ഊരകത്ത് നിന്നുള്ള കെ കെ മൻസൂർ കോയ തങ്ങൾ രാജി വെച്ചതിനെ തുടർന്നാണ് പുതിയെ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. ഭരണം ഏറ്റു ഒരു വർഷം ആകുന്നതിന് മുമ്പേ രാജി വെപ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ പ്രസിഡൻ്റ് ആക്കാൻ ആണെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് പിന്നീട് ഉണ്ടായ സംഭവങ്ങൾ. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മണ്ഡലം സെക്രട്ടറി കൂടിയായ പറപ്പൂരിൽ നിന്നുള്ള ഇ കെ സുബൈർ മാസ്റ്ററെയാണ് മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികൾ ആവശ്യപ്പെട്ടിരുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി കെ കുഞ്ഞാലിക്കുട്ടിയെയും ഇക്കാര്യം നേരിൽ കണ്ടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊന്നും പരിഗണിക്കാതെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിറിനെ തന്നെ പ്രസിഡൻ്റ് ആയി സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. സാധാരണ മണ്ഡലം കമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ ആണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ളവരെ തീരുമാനിക്കാറുള്ളത്. എന്നാൽ മെമ്പർമാരുടെയും പാർട്ടി കമ്മിറ്റികളുടെയും അഭിപ്രായം ആരാഞ്ഞ് പ്രസിഡൻ്റ് സ്ഥാനാർഥിയെ തീരുമാനിച്ചാൽ അബു താഹിറിന് പിന്തുണ ഉണ്ടാകില്ലെന്ന് മനസ്സിലാക്കി ആകണം ഇവിടെ സംസ്ഥാന കമ്മിറ്റി തന്നെ നേരിട്ട് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണ്ഡലം കമ്മിറ്റി യോഗം വിളിച്ച് മണ്ഡലം നിരീക്ഷകൻ കൂടിയായ ജില്ലാ വൈസ് പ്രസിഡൻ്റ് തിരൂരങ്ങാടിയിലെ എം കെ ബാവയാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അറിയിച്ചത്. തീരുമാനം വായിച്ചപ്പോൾ മുതൽ ബഹളം ആരംഭിച്ചു. സുബൈർ മാസ്റ്ററെ പ്രസിഡൻ്റ് ആക്കണമെന്നാവശ്യപ്പെട്ട് കണ്ണമംഗലം പഞ്ചായത്ത് അംഗം നെടുമ്പള്ളി സെയ്ത് അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിക്കുകയും ചെയ്തു. ബഹളം തുടർന്നതോടെ യോഗത്തിൻ്റെ വികാരം നേതൃത്വത്തെ അറിയിക്കണമെന്ന് പറഞ്ഞു ബാവ യോഗം അവസാനിപ്പിച്ചു. നന്ദി പോലും പറയാൻ പ്രവർത്തകർ അനുവദിച്ചില്ല. എന്നാൽ സംസ്ഥാന നേതൃത്വം തീരുമാനവുമായി മുന്നോട്ട് പോയി. എല്ലാ അംഗങ്ങൾക്കും പിഎംഎ സലാം ഒപ്പിട്ട വിപ്പ് നൽകിയിട്ടുണ്ട്. ഒറ്റ പ്രതിപക്ഷ അംഗം പോലുമില്ലാത്ത ബ്ലോക്ക് പഞ്ചായത്തിൽ സ്വന്തം അംഗങ്ങൾക്ക് പതിവിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന കമ്മിറ്റി തന്നെ വിപ്പ് നൽകിയത് പാർട്ടിയിൽ പ്രസിഡൻ്റ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ പ്രതിസന്ധി കാരണം ആണെന്നാണ് അറിയുന്നത്. ആകെയുള്ള 18 അംഗങ്ങളിൽ 13 ലീഗ് അംഗങ്ങളും 5 കോൺഗ്രസ് അംഗങ്ങളും ആണുള്ളത്. അതെ സമയം, സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം അംഗീകരിക്കുന്നതായി മണ്ഡലം ജനറൽ സെക്രട്ടറി പി കെ അലി അക്ബർ പറഞ്ഞു. നേരത്തെ ചർച്ചകൾ പലതും നടന്നിട്ടുണ്ട്. പക്ഷേ അവസാന തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റേത് ആണെന്നും എല്ലാ അംഗങ്ങളും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടക്കുന്ന യോഗത്തിൽ മുൻ പ്രസിഡണ്ട് കെകെ മൻസൂർ കോയ തങ്ങൾ അബു താഹിറിൻ്റെ പേര് നിർദേശിക്കും, എടരിക്കോട് നിന്നുള്ള വി ടി സുബൈർ തങ്ങൾ പിന്തങ്ങും. എടരിക്കോട് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ആയിട്ടുള്ള സുബൈർ തങ്ങളും പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ആളാണ്. അബുതാഹിറിനെയും സുബൈർ തങ്ങളെയും പ്രസിഡൻ്റ് ആക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. എന്നാല് കുഞ്ഞാലിക്കുട്ടിക്ക് എതിരെ പോസ്റ്റർ പ്രചരിപ്പിച്ചതിന് പിന്നിൽ സുബൈർ തങ്ങൾ ആണെന്ന സംശയത്തെ തുടർന്ന് അവസരം നിഷേധിക്കുകയായിരുന്നു. തുടർന്നാണ് മൻസൂർ കോയ തങ്ങളെ അന്ന് പ്രസിഡൻ്റ് ആക്കിയിരുന്നത്.