Sunday, December 7

പ്രാദേശിക അവധി പ്രഖ്യാപിച്ചു, സൗജന്യ തൊഴിൽമേള, അഭിഭാഷകരെ നിയമിക്കുന്നു ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പ്രാദേശിക അവധി പ്രഖ്യാപിച്ചു

വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 23 ന് (വെള്ളി) തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്, കുറ്റിപ്പുറം, മാറാക്കര, തൃപ്രങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും തിരൂര്‍ മുനിസിപ്പാലിറ്റിയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു ദിവസവും ഈ പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉച്ചക്ക് ശേഷം അര ദിവസവും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. മുന്‍ നിശ്ചയപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല

———————

സൗജന്യ തൊഴിൽമേള 16ന്

മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 16ന് രാവിലെ 10.30 മുതൽ മഞ്ചേരി ഏറനാട് നോളേജ് സിറ്റിയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. 28ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ പ്രവേശനം സൗജന്യമാണ്. ഫോൺ: 0483 2734737.

—————–

അഭിഭാഷകരെ നിയമിക്കുന്നു

പൊന്നാനി, പരപ്പനങ്ങാടി മുന്‍സിഫ് കോടതി സെന്ററുകളിലെ അഡ്വക്കേറ്റ് ഡൂയിങ് ഗവ. വര്‍ക്ക്‌സ് തസ്തികയിലെ രണ്ട് ഒഴിവുകളില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.

അഭിഭാഷകവൃത്തിയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയവരും 60 വയസില്‍ താഴെയുള്ളവരുമായ നിശ്ചിത യോഗ്യതയുള്ള അഭിഭാഷകരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ള അഭിഭാഷകര്‍ അപേക്ഷ, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷകവൃത്തിയില്‍അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്ന, ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്/ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രം എന്നിവ സഹിതം വിശദമായ അപേക്ഷ ഫെബ്രുവരി 15ന് വൈകിട്ട് നാലുമണിക്ക് മുമ്പായി മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2734922

—————–

ജില്ലാ ആസൂത്രണസമിതി യോഗം 13ന്

ജില്ലാ ആസൂത്രണസമിതി യോഗം ഫെബ്രുവരി 13ന് ഉച്ചക്ക് 2.30ന് ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

—————

സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറഞ്ഞ പലിശ നിരക്കില്‍ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന വിവിധ സ്വയം തൊഴില്‍ വായ്പാ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18നും 55നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം (മലപ്പുറം പെരിന്തല്‍മണ്ണ റോഡില്‍ സ്ഥിതി ചെയ്യുന്ന അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിന് സമീപം). ഫോണ്‍ : 04832731496, 9400068510

—————-

യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ മലപ്പുറം ജില്ലയില്‍ കരാറടിസ്ഥാനത്തില്‍ യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍മാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 14ന് ഉച്ചക്ക് ഒരുമണിക്ക് മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രായം ഫെബ്രുവരി 14ന് 40 വയസ് കവിയരുത്. കൂടുതല്‍ വിവരങ്ങള്‍www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

—————

മൃഗ പരിപാലകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം

മലപ്പുറം ജില്ലയിലെ മൃഗപരിപാലകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം. ലളിത വ്യവസ്ഥയില്‍ പ്രവര്‍ത്തന മൂലധന വായ്പ ലഭ്യമാക്കുന്നതിനാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് നൽകുന്നത്. പശു, ആട്, കോഴി, മുയല്‍ തുടങ്ങിയ മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് ഇവയുടെ തീറ്റ ചെലവ് ഉള്‍പ്പടെയുള്ള ആവര്‍ത്തന ചെലവുകള്‍ക്ക് വായ്പ ലഭിക്കും. പദ്ധതി വഴി സെക്യൂരിറ്റി കൂടാതെ 160000 രൂപ വരെയും അതിനു മുകളിലുള്ള തുകയ്ക്ക് ലളിതമായ വ്യവസ്ഥയില്‍ പരമാവധി മൂന്നു ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. വായ്പകള്‍ അതത് ബാങ്കുകളുടെ പലിശ നിരക്കുകള്‍ക്ക് അനുസൃതമായിട്ടായിരിക്കും. പദ്ധതിയുടെ ഭാഗമാകുന്നതിന് മൃഗപരിപാലകര്‍ക്ക് മൃഗാശുപത്രി മുഖാന്തിരമോ അടുത്തുള്ള ബാങ്ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ഫോറം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭിക്കും. അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയുടെ കോപ്പികളും സമര്‍പ്പിക്കണം.

—————–

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളി/കുടുംബ/സാന്ത്വന പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിന് വേണ്ടി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍, ഗസറ്റഡ് ഓഫീസര്‍, ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍, അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി, യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് 2024 മാര്‍ച്ച് മാസത്തില്‍ തന്നെ ഹാജരാക്കണം. പെന്‍ഷന്‍ വാര്‍ഷിക മസ്റ്ററിങ് സംബന്ധിച്ച് ഫെബ്രുവരി 29 നകം സര്‍ക്കാര്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്ന പക്ഷം നിര്‍ദ്ദേശം പാലിക്കേണ്ടതാണെന്നും വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവങ്ങള്‍ക്ക് ഫോണ്‍ 0483- 2734827

———-

ക്വട്ടേഷന്‍ ക്ഷണിച്ചു

മക്കരപ്പറമ്പ് വടക്കാങ്ങര ആരോഗ്യ ഉപകേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് സൈറ്റ് ക്ലിയര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 26 ഉച്ചയ്ക്ക് രണ്ടിന് മക്കരപ്പറമ്പ് പി.എച്ച്.സി പരിസരത്ത് ലേലം നടക്കും. കൂടുതല്‍ വിവരങ്ങള്‍ 04933- 287311 എന്ന നമ്പറില്‍ ലഭിക്കും.

————

ലാപ്ടോപ്പ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിവിധ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള ലാപ്ടോപ്പ് ധനസഹായത്തിനായി അപേക്ഷ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ 2023-2024ല്‍ ബി.ടെക്, എം.ടെക്, എം.ബി.എ, എം.സി.എ, എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, എം.ഫില്‍ /പി.എച്ച്.ഡി, ബി.ആര്‍ക്ക്, ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്), എം.എസ്.സി (ഇലക്ട്രോണിക്സ്) പോളിടെക്നിക് (കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) എന്നീ കോഴ്സുകള്‍ക്ക് ഒന്നാം വര്‍ഷം പ്രവേശനം നേടിയവരും ഇ – ഗ്രാന്റ്സ് സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ മുഖേന അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പില്‍ നിന്നോ മറ്റ് ഏജന്‍സികളില്‍ നിന്നോ ലാപ്ടോപ്പ് ധനസഹായം ലഭിച്ചവര്‍ ധനസഹായത്തിന് അര്‍ഹരല്ല. വിശദ വിവരങ്ങള്‍ക്ക് സ്ഥാപന മേധാവികളുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

————-

അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹ്രസ്വകാല കോഴ്‌സായ പേഴ്‌സണല്‍ ഫിറ്റ്‌നസ് ട്രെയ്‌നര്‍ കോഴ്‌സിലേക്ക് മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗക്കാരായ യുവതി യുവാക്കള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. പ്രായപരിധി 18- 26. മലപ്പുറം മഞ്ചേരിലാണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യമായിരിക്കും. ഫോണ്‍: 9072668543.

—————-

ക്ഷേമനിധി വിഹിതം അടക്കണം

കേരള മദ്‌റസാധ്യാപക ക്ഷേമനിധിയില്‍ 2023-2024 സാമ്പത്തിക വര്‍ഷത്തെ വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് പത്തിനകം വിഹിതം പോസ്റ്റ് ഓഫീസില്‍ അടക്കണം. അതത് സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാതെ വരുന്നത് ക്ഷേമനിധി അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമാവുകയും ചെയ്യുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

————

സോഷ്യൽ വർക്കർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ വയോജന ക്ഷേമ സ്ഥാപന വിഭാഗത്തിൽ ഒഴിവുള്ള ഒരു സോഷ്യൽ വർക്കർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നൽകുന്നു.

സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബിരുദം/ബിരുദാനന്തര ബിരുദം (സർട്ടിഫൈഡ് കൗൺസലിങ് കോഴ്സ് പാസ്സായവർക്ക് മുൻഗണനയുണ്ട്), സർക്കാർ/സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്ക് തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം (സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട് എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം: 25,000 രൂപ .

യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 12ന് രാവിലെ 9.30ന് ജില്ലാ സാമൂഹ്യനീതി ഓഫീസ് മീറ്റിങ് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് വിദ്യാഭ്യാസ യോഗ്യത, വ്യക്തിഗത വിവരങ്ങൾ എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാവണം. കൂടുതൽ വിവരങ്ങൾ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0483 2735324.

———-

ടെക്നിക്കൽ അസിസ്റ്റന്റ് നിയമനം

തിരൂർ ആ.ഡി.ഒ/മെയിന്റനൻസ് ട്രൈബ്യൂണലിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം(എം.എസ്.ഡബ്ല്യു ഉള്ളവർക്ക് മുൻഗണന), മലയാളം, ഇംഗ്ലീഷ് ഭാഷകളിലെ കംപ്യൂട്ടർ അറിവ്, വേഡ് പ്രൊസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. അഭിമുഖം ഫെബ്രുവരി 13ന് രാവിലെ 9.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾ‌ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോൺ: 0483 2735324.

————-

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ. ഓരോ സെന്ററിലും 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‍ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 29. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: കൊച്ചി സെന്റർ-8281360360, 0484-2422275, തിരുവനന്തപുരം സെന്റർ-9447225524, 0471-2726275.

——

ഓവര്‍സിയര്‍ നിയമനം

എസ്.എസ്.കെ മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസില്‍ പുതുതായി നിലവില്‍ വരുന്ന ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയും മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള ഏതെങ്കിലും സര്‍വകലാശാലയില്‍നിന്നും സിവില്‍ എഞ്ചിനീയറിങില്‍ ബി.ടെക്/ ബി.ഇ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷകള്‍ ഫെബ്രുവരി 13ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് ജില്ലാ പ്രൊജക്ട് കോഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് ഓഫീസ്, കോട്ടപ്പടി, മലപ്പുറം -676519 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ സമര്‍പ്പിക്കണം.

——-

ലേലം ചെയ്യും

മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കോമ്പൗണ്ടില്‍ തടസമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിനുള്ള ലേലം ഫെബ്രുവരി 16ന് രാവിലെ പത്തുമണിക്ക് സി.എച്ച്.സിയില്‍ നടക്കും. ലേല ഉരുപ്പടികളെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സി.എച്ച്.സി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04933 239217

———

മൾട്ടിപർപ്പസ് വർക്കർ നിയമനം

നാഷണൽ ആയുഷ് മിഷൻ മുഖേന മലപ്പുറം ജില്ലയിലെ ആയുഷ് ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടിപർപ്പസ് വർക്കർമാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്പായി നിർദിഷ്ട ഫോമും അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും വണ്ടൂർ ഗവ. ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു.പി ഓഫീസിൽ എത്തിക്കണം. ഉദ്യോഗാർഥികൾ 2024 ഫെബ്രുവരി ആറിന് 40 വയസ് കവിയാത്തവരാകണം. കൂടുതൽ വിവരങ്ങൾ www.nam.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

——-

വിദഗ്ധരുടെ പാനൽ തയാറാക്കുന്നു

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിലേക്ക് കുട്ടികളുടെ മനസികാരോഗ്യവുമായി ബന്ധപ്പെട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, റെമഡിയൽ ട്രെയ്നർ, ഒക്കുപേഷണൽ തെറാപ്പിസ്റ്റ് തുടങ്ങിയ മേഖലയിൽ വിദഗ്ധരുടെ പാനൽ തയ്യാറാക്കുന്നു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, റെമഡിയൽ ട്രെയ്നർക്ക് ആർ.സി.ഐ അംഗീകൃത ബി.എഡ്(സ്പെഷൽ എജ്യൂക്കേഷൻ) ഡി.എൽ.എഡ്, ഒക്കുപേഷണൽ തെറാപ്പിസ്റ്റിന് ബാച്ച്ലേഴ്സ് ഡിപ്ലോമ/ഇൻ ഒ.ടി എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അപേക്ഷ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മൂന്നാംനില, മിനി സിവിൽ സ്റ്റേഷൻ കച്ചേരിപ്പടി, മഞ്ചേരി 676121 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ഫെബ്രുവരി 16ന് മുമ്പായി ലഭ്യമാക്കണം. ഫോൺ: 9061428935.

error: Content is protected !!