
പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് നിരവധി തവണ നിയോജകമണ്ഡലം എം.എൽ.എ മജീദ് ഫിഷറീസ് വകുപ്പ് മന്ത്രിക്ക് നിവേദനങ്ങൾ നൽകിയിരുന്നു. എങ്കിലും സാമ്പത്തിക ബാധ്യതയുടെ പേര് പറഞ്ഞു നടപടികൾ ആരംഭിക്കുകയോ, തുക അനുവദിക്കുകയോ ചെയ്തിരിന്നില്ല. അതിനാലാണ് വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാണിച്ച് മന്ത്രിയുമായും, ഫിഷറീസ് വകുപ്പിന്റെ ഇത്തരം വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറുമായും ചർച്ച നടത്തിയത്. ആവശ്യമായ തുക അനുവദിക്കാമെന്ന് മന്ത്രി യോഗത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്. തിരൂരങ്ങാടി ടുഡേ.
തുടർനടപടികൾ സ്വീകരിക്കുന്നതിന് മന്ത്രിയുടെ നിർദ്ദേശപ്രകാരം കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ശ്രീ.ഷെയ്ക്ക് പരീത് IAS (Rtd) നെ യോഗം ചുമതലപ്പെടുത്തി കൊണ്ട് തീരുമാനിക്കുകയും ചെയ്തു.
യോഗത്തിൽ ഫിഷറീസ് ആൻഡ് ഹാർബർ എൻജിനീയറിങ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ, കെപിഎ മജീദ് എം.എൽ.എ, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഷെയ്ക്ക് പരീത് IAS (Rtd), പരപ്പനങ്ങാടി മുനിസിപ്പൽ മുൻ നഗരസഭ ചെയർമാനും, കൗൺസിലറുമായ ഉസ്മാൻ അമ്മാറമ്പത്ത്, പി.വി ഹാഫിസ് മുഹമ്മദ് ശുഹൈബ്, ഹാറൂൺ റഷീദ് പി.പി, ടി.കെ നാസർ എന്നിവർ പങ്കെടുത്തു.