Wednesday, April 8

പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപ്തി കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലത്തിൽ ആവേശമുയർത്തി യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. രാവിലെ മുതൽ മലപ്പുറം നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പര്യടനത്തിലും വൈകുന്നേരം നടന്ന ആവേശകരമായ കലാശക്കൊട്ടിലും ആയിരക്കണക്കിന് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്. രാവിലെ ഭാഷാ സമര രക്തസാക്ഷി അബ്ദുൽ മജീദിൻ്റെ ഖബർ സിയാറത്തോടെ മൈലപ്പുറ ത്ത് നിന്നാണ് അവസാനഘട്ട പ്രചാരണം ആരംഭിച്ചത്. തുടർന്ന് നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. കണ്ണത്തുപാറ, ചെമ്മങ്കടവ്, കാളമ്പാടി, എപ്പാറ, പൈത്തിനിപറമ്പ്, അധികാരിതൊടി , പെരുമ്പറമ്പ്
എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പ്രവർത്തകർക്കൊപ്പം അദ്ദേഹം വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. വൈകീട്ട് മലപ്പുറം നഗരത്തിൽ നടന്ന പരസ്യപ്രചാരണ സമാപനമായ കലാശക്കൊട്ടിൽ സ്ഥാനാർത്ഥി എത്തിയതോടെ പ്രവർത്തകർ ആവേശത്തിലായി. വാദ്യമേളങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും അകമ്പടിയോടെ മലപ്പുറം നഗരത്തെ യുഡിഎഫ് തരംഗമാക്കി മാറ്റി. ഓരോ കേന്ദ്രങ്ങളിലും പ്രവർത്തകർക്ക് ഹസ്തദാനം നൽകിയും വിജയാശംസകൾ നേർന്നും അദ്ദേഹം ആവേശം പകർന്നു. കേരളത്തിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരും. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിന്റെ പ്രതിഫലനം ഈ തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!