
അപ്രഖ്യാപിത ലോഡ് ഷെഡിങ് എന്നത് മാറി സംസ്ഥാനത്ത് ഇനി അരമണിക്കൂർ വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തും.
വൈകിട്ട് ആറു മണി മുതല്‍ പന്ത്രണ്ട് മണിവരെയുള്ള സമയത്ത് അരമണിക്കൂർ വൈദ്യുതി മുടങ്ങുമെന്നാണ് കെഎസ്ഇബി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. പീക്ക് അവറില്‍ വാഹന ചാർജിങ് പാടില്ലെന്നും എസി താപ നില 24നും 26നും ഇടക്ക് ക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
വൈദ്യുതി വിതരണം തടസ്സരഹിതമായി നിർവഹിക്കാൻ ഉപഭോക്താക്കളുടെ സഹകരണം കെഎസ്ഇബി അഭ്യർഥിച്ചു. വൈദ്യുതി വാഹനങ്ങളുടെ ചാർജിങ് വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെ പൂർണമായി ഒഴിവാക്കി പകല്‍ സമയത്തേക്ക് ക്രമീകരിക്കണം. നിലവിലെ സാഹചര്യത്തില്‍ രാത്രി എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല എന്നതിനാല്‍ താപനില 24 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയാക്കി നിലനിർത്തണമെന്നും അധികൃതർ അഭ്യർഥിച്ചു.
ഇൻഡക്ഷൻ കുക്കറിന്റെ ഉപയോഗവും ഈ സമയത്ത് പരമാവധി ഒഴിവാക്കണം. വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഇലക്ട്രിക് ഹീറ്റർ, അയണ്‍, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവയുടെ ഉപയോഗവും പീക്ക് അവറില്‍ ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കണമെന്നും ഉന്നതതലയോഗം ആവശ്യപ്പെട്ടു. രാജ്യത്താകെ വ്യാപിച്ചിരിക്കുന്ന ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ വിപണിയില്‍ വൈദ്യുതിലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് യോഗത്തില്‍ അറിയിച്ചു. ആവശ്യകതയുടെ 70 ശതമാനത്തിലേറെയും വൈദ്യുതി പുറത്തുനിന്നും വാങ്ങുന്ന സംസ്ഥാനമെന്ന നിലയില്‍ ഇത് പ്രതിസന്ധിയാകുന്നതായി യോഗം അഭിപ്രായപ്പെട്ടു. കേന്ദ്ര ഉത്പാദന നിലയങ്ങളില്‍ നിന്നുമുള്ള വൈദ്യുതി ലഭ്യതയില്‍ ഉണ്ടായിരുന്ന 200 മെഗാവാട്ടിന്റെ കുറവ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും.
വൈദ്യുതി ആവശ്യകതയിലുണ്ടായ അപ്രതീക്ഷിതമായ വർദ്ധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് യോഗം വിലയിരുത്തി. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകതയില്‍ പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർധനയെക്കള് വളരെക്കൂടുതലാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. വൈകീട്ട് 6 മണിക്കുശേഷമുള്ള ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും എസിയുടെ ഉപയോഗവും പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ പാചകവാതക ക്ഷാമത്തെത്തുടർന്ന് ജനങ്ങള്‍ പാചകത്തിനായി ഇൻഡക്ഷൻ കുക്കറിനെ അധികമായി ആശ്രയിച്ചതുമാണ് വൈദ്യുതി ആവശ്യകത കുത്തനെ കൂടാൻ കാരണമായതെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുന്നത്.
സ്ഥിതിഗതികള്‍ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ഓരോ ദിവസവും വിലയിരുത്തും. വൈദ്യുതിയുടെ ഉത്തരവാദിത്തപൂർണമായ ഉപയോഗം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള മാർഗനിർദേശങ്ങള്‍ നല്‍കുന്നതിന് എനർജി മാനേജ്മെന്റ് സെന്ററിനെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.