Sunday, May 24

സ്വത്ത് കൈക്കലാക്കിയ ശേഷം മക്കൾ അച്ചനെ ഉപേക്ഷിച്ചു, അച്ചനെ അനാഥാലയം ഏറ്റെടുത്തു, മക്കൾക്കെതിരെ കേസെടുത്തു

കൊല്ലം: സ്വത്ത് കൈക്കലാക്കിയ ശേഷം അച്ഛനെ ഉപേക്ഷിച്ച മക്കൾക്കെതിരെ പോലീസ് കേസെടുത്തു. അനാഥനായ അച്ഛനെ ഗാന്ധിഭവൻ ഏറ്റെടുത്തു.

കൊല്ലം കോർപറേഷനിൽ അറുന്നൂറ്റിമംഗലം ഡിവിഷനിൽ ശാന്തഭവനത്തിൽ രവീന്ദ്രനാഥ്‌ (85) എന്നയാളെയാണ് സ്വത്ത് തട്ടിയെടുത്ത ശേഷം രണ്ട് ആൺമക്കൾ ഉപേക്ഷിച്ചത്. വൃദ്ധനെ ഗാന്ധി ഭവൻ സ്നേഹാലയം ഏറ്റെടുത്തു. മക്കളായ കൊല്ലം ഇരവിപുരം ദുർഗ്ഗയിൽ പി എൻ അനിൽകുമാർ, കരുനാഗപ്പള്ളി മംഗലശ്ശേരി അജിത്ത് കുമാർ എന്നിവർക്ക് എതിരെയാണ് വാർഡ് കൗൺസിലർ ഡി ജെ ഗിരീഷിൻ്റെ പരാതിയിൽ കേസെടുത്തത്.

വർഷങ്ങൾക്കു മുൻപ് ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജോലി രാജി വച്ച് വിദേശത്ത് പോയി വലിയ സാമ്പത്തിക നേട്ടമുണ്ടാക്കി രണ്ടു ആണ്മക്കളായ അജിത്, അനിൽകുമാർ എന്നിവരെ പഠിപ്പിച്ചു വലുതാക്കിയ പിതാവിനെ മക്കൾ ഉപേക്ഷിച്ചു. ഭക്ഷണത്തിനു പോലും മാർഗമില്ലാതെ വലഞ്ഞ രോഗിയായ ഈ വൃദ്ധൻ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗ പീഡകൾ അനുഭവിച്ചു വരികയായിരുന്നു.
ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം മക്കൾ എഴുതി വാങ്ങി ഉപേക്ഷിച്ച നിലയിൽ പരിസരവാസികളുടെ സംരക്ഷണയിലായിരുന്ന വയോവൃദ്ധനെ ഗാന്ധിഭവൻ സ്നേഹാലയം ഏറ്റെടുത്തു.
മങ്ങാട് ശാന്ത ഭവനിൽ പി.എൻ രവീന്ദ്രനാഥിനെയാണ് ഡിവിഷൻ കൗൺസിലർ ടി.ജി.ഗിരീഷിൻ്റെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ വകുപ്പിൻ്റെ സഹായത്തോടെ ഗാന്ധിഭവനിലാക്കിയത്. കരുനാഗപ്പള്ളി സ്വദേശിയായ പി.എൻ.രവീന്ദ്രനാഥ് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ രണ്ട് ആൺമക്കൾക്കായി വീതം വച്ച് നൽകുകയും ശേഷമുണ്ടായിരുന്ന കുടുംബ വീട് വിറ്റ് കിട്ടിയ തുകയിൽ 26 ലക്ഷം രൂപ മുടക്കി മങ്ങാട് അറുന്നൂറ്റിമംഗലത്ത് വീടും സ്ഥലവും വാങ്ങുകയും ശേഷിച്ച തുക ഭാവി ജീവിതം കണക്കാക്കി ബാങ്കിൽ നിക്ഷേപിക്കുകയും അതിൽ നിന്ന് പലിശയായി കിട്ടുന്ന 30000 രൂപ മാസ വരുമാനത്തിൽ നിന്ന് വീട്ടിൽ ജോലിക്കാരിയെ നിർത്തി ജീവിച്ച് വരികയായിരുന്നു. ഇതിനിടെ ഇരവിപുരത്ത് താമസിക്കുന്ന മൂത്തമകൻ തന്ത്രത്തിൽ വീടും സ്ഥലവും മൂത്ത മകൻ്റെ മകളുടെ പേരിൽ ധനനിശ്ചയാധാരം എഴുതി വാങ്ങുകയും ഇതറിഞ്ഞ ഇളയ മകൻ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക പിതാവിൽ നിന്ന് കൈക്കലാക്കുകയും രണ്ടു മക്കളും പിതാവിനെ ഉപേക്ഷിക്കുകയുമായിരുന്നു’ ഉണ്ടായിരുന്ന ബാങ്ക് വരുമാനം ഇല്ലാതായതോടെ ജോലിക്കാരി വരാതാകുകയും പരിസരവാസികൾ നൽകുന്ന ആഹാരത്തിൽ ജീവിച്ച് വരികയുമായിരുന്നു.
അവസ്ഥ മനസ്സിലാക്കിയ കൗൺസിലർ അന്ന് തന്നെ ഗാന്ധിഭവനുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കൊണ്ടുപോകാനായി ആംബുലൻസുമായി വരികയും വിവരമറിഞ്ഞെത്തിയ ഇരവിപുരം സ്വദേശിയായ മകൻ കൊണ്ട് പോകാൻ പറ്റില്ലെന്ന് നിലപാടെടുക്കുകയുമായിരുന്നു. സ്വത്തുക്കൾ നഷ്ടപ്പെട്ട് പോകുമെന്നുള്ള ഭയത്താലായിരുന്നു തടസ്സം നിന്നത്. തുടർന്ന് അച്ഛനെ നോക്കാമെന്നേറ്റ മകൻ 4 ദിവസം കഴിഞ്ഞ് സ്ഥലം വിടുകയായിരുന്നു. നിലവിൽ പ്രായാധിക്യത്തിൽ അവശനായ അദ്ദേഹം വീടിനകത്ത് തന്നെ മലമൂത്ര വിസർജ്ജനമുൾപ്പെടെ നടത്തുന്ന ദയനീയ അവസ് യിലാകുകയും അദ്ദേഹത്തെ സംരക്ഷിക്കാനാവശ്യപ്പെട്ട് പരിസരവാസികളും കൗൺസിലർ ടി.ജി ഗിരീഷും പല തവണ മക്കളെ നേരിൽ കണ്ട് ആവശ്യപ്പെട്ടിട്ടും മക്കൾ തയ്യാറാകാതെ നിർദാക്ഷിണ്യത്തിലാണ് പെരുമാറിയത്. നാട്ടുകാരും കൗൺസിലറും പോലീസ് സ്റ്റേഷനിലടക്കം പരാതി നൽകിയിട്ടും മക്കളെ സ്റ്റേഷനിൽ വിളിച്ച് വരുത്താൻ പോലും പോലീസ് തയ്യാറാകാത്തതിനെ തുടർന്ന് ഡിവിഷൻ കൗൺസിലറും സ്ഥലവാസിയായ അനന്തകൃഷ്ണനും കൂടി ചാനലുകളിൽ വിവരമറിയിക്കുകയും അദ്ദേഹത്തിൻ്റെ ദയനീയാവസ്ഥ പുറം ലോകമറിയുമായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഗാന്ധിഭവനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുപ്രവർത്തകനും കരുനാഗപ്പള്ളി സ്വദേശിയുമായ ശ്രീ സിദ്ദിഖ് മംഗലശ്ശേരി പ്രശ്നം ഗാന്ധിഭവനിൽ അറിയിച്ചതോടെയാണ് വിഷയത്തിൽ പരിഹാരമുണ്ടായത്.തുടർന്ന് കൗൺസിലർ മക്കൾക്കെതിരെ നൽകിയ പരാതിയിൽ കിളികൊല്ലൂർ എഫ്.ഐ.ആർ ഇട്ട് കേസ്സെടുക്കുകയും രവീന്ദ്രനാഥിനെ ഇന്ന് ഉച്ചയോടെ ഗാന്ധിഭവൻ ഏറ്റെടുക്കുകയുമായിരുന്നു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജന്റെ നിർദ്ദേശ പ്രകാരം ഗാന്ധിഭവൻ സ്നേഹാലയം ഡയറക്ടർ പ്രസന്ന രാമചന്ദ്രൻ, പി ആർ ഓ ഷിബു റാവുത്തർ, കോർഡിനേറ്റർ സിദ്ദിഖ് മംഗലശേരി എന്നിവർ സോഷ്യൽ ജസ്റ്റിസ് വകുപ്പ് സീനിയർ സൂപ്രണ്ട് അജിലാൽ എസ്, ജൂനിയർ സൂപ്രണ്ട് ഷിബിൽ, ഫീൽഡ് റെസ്പോൺസ് ഓഫീസർ വീണ മോഹൻ എന്നിവരുടെ സാന്നിധ്യത്തിൽ വയോധികനെ ഏറ്റെടുത്തു. ജീവകാരുണ്യ പ്രവർത്തകരായ ഹാഫീസ് ഷെഫീക്ക് ജവുഹരി, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്‌ കെ. വി. അജിത്, ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ്‌ എം.വി . ഹെൻട്രി, കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ്‌ ഷാജി, യൂത്ത് കോൺഗ്രസ് നേതാവ് ശ്യം മോഹൻ, ജോസ് ബാബു,
ഗാന്ധിഭവൻ അധികൃതർ, വിഷയം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ഓൺലൈൻ ചാനലുകളുടെ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!