
കോഴിക്കോട്: കാറിന് തീപിടിച്ചു ഗർഭിണിയായ യുവതി മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു. ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവണ്ണൂർ പൂവുത്തുംചാലില്‍ സ്വദേശി രജിൻലാലാണ് മരിച്ചത്. പാലേരി കുയിമ്പില്‍ കള്ളിക്കണ്ടി മീത്തല്‍ സ്വദേശിയായ ഭാര്യ സോന മേയ് 15നാണ് കാർ കത്തി മരിച്ചത്.
ചെറുവണ്ണൂർ കക്കറമുക്ക് എടോളിത്താഴെയിലായിരുന്നു സംഭവം. ആറുമാസം ഗർഭിണിയായ സോനയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം. ചെറുവണ്ണൂരില്‍ നിന്ന് കക്കറമുക്ക് റോഡില്‍ എടോളിത്താഴെ എത്തിയപ്പോള്‍ പെട്ടെന്ന് കാർ കത്തുകയായിരുന്നു. കാറിന്റെ പിൻസീറ്റില്‍ സോന കിടക്കുകയായിരുന്നു. രജിൻലാല്‍ കാറില്‍ നിന്നിറങ്ങി സോനയെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സോന സംഭവ ദിവസമായ മെയ് 15ന് ഒരു പെട്രോള്‍ പമ്പില്‍ നിന്ന് കന്നാസില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഫൊറൻസിക്, മോട്ടോർ വാഹന വകുപ്പ് പരിശോധനകളില്‍ കാറിന് തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് വ്യക്തമാവുകയും ചെയ്തു. സോന കാനില്‍ വാങ്ങിയ പെട്രോള്‍ കാറിനുള്ളില്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലാണ് നിലവില്‍ പൊലീസ് എത്തിനില്‍ക്കുന്നത്.