
പരപ്പനങ്ങാടി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടിയിലെ കലാ-കായിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായ പരപ്പനാട് വാക്കേഴ്സ് ക്ലബ് ലഹരിവിരുദ്ധ സന്ദേശം ഉയർത്തിപ്പിടിച്ച് ശ്രദ്ധേയമായ പരിപാടി സംഘടിപ്പിച്ചു.
കേരള സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി ചുടലപ്പറമ്പ് മൈതാനിയിൽ 1001 ലഹരിവിരുദ്ധ ഗോളുകൾ അടിച്ചാണ് ദിനാചരണം നടത്തിയത്. യുവജനങ്ങളിൽ ലഹരിക്കെതിരെ അവബോധം വളർത്തുകയും കായികത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ ലക്ഷ്യം.
കൺവീനർ കെ. ടി. വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലറും ക്ലബ്ബ് പ്രസിഡന്റുമായ ഉണ്ണികൃഷ്ണൻ കേലച്ചൻകണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കുഞ്ഞുമരക്കാർ പി. വി. അധ്യക്ഷത വഹിച്ചു.
മനോജ് ടി., രവീന്ദ്രൻ പി., അഷ്റഫ് .സി, കബീർ, ദിൽഷ മനോജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
“ലഹരിയല്ല, കായികമാണ് ലഹരി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി പൊതുജനങ്ങളുടെ ശ്രദ്ധയും അഭിനന്ദനവും നേടി.