
മലപ്പുറം: മഴക്കെടുതിയെ തുടർന്ന് മലപ്പുറം ജില്ലയില്‍ നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കാന്‍ അതത് സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ അനുമതി നല്‍കി. ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നിലവില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിച്ചു വരുന്നത്. ക്യാംപുകളുടെ പ്രവര്‍ത്തനം അധ്യയനത്തെ ബാധിക്കുന്ന പക്ഷം സ്ഥാപന മേധാവികള്‍ക്ക് സ്വന്തം നിലയില്‍ അവധി പ്രഖ്യാപിക്കാമെന്നാണ് ജില്ലാ കളക്ടററുടെ ഉത്തരവ്.
ജില്ലയില്‍ ഇപ്പോഴത്തെ കണക്കനുസരിച്ച് ഏറനാട്, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലായി അഞ്ചു ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. ഏറനാട് താലൂക്കിലെ വല്ല്യട്ടിപ്പറമ്പ് അങ്കണവാടി, കൊണ്ടോട്ടി താലൂക്കിലെ നെടിയിരുപ്പ് ജി.ഡബ്ലിയു.യു.പി.എസ്., മൊറയൂര്‍ ജി.എം.എല്‍.പി.സ്‌കൂള്‍, തിരൂരങ്ങാടി താലൂക്കിലെ തട്ടാന്‍ചേരിമല ജി.എല്‍.പി.എസ്., ചെറൂര്‍ ചാക്കീരി അഹമ്മദ്കുട്ടി സ്മാരക ജി.എം.യു.പി.എസ്. എന്നിവിടങ്ങളിലായി 13 കുടുംബങ്ങളിലെ 19 പുരുഷന്‍മാര്‍, 20 സ്ത്രീകള്‍, 10 കുട്ടികളുള്‍പ്പെടെ 49 പേരാണ് കഴിയുന്നത്.