
തിരൂരങ്ങാടി: തനത് വികസന പ്രവർത്തനങ്ങൾക്ക് പുറമെ വിവിധ മേഖലകളിലെ സാമൂഹിക ശാക്തീകരണ സേവനം ലക്ഷ്യമിട്ട് പുതിയ കർമ പദ്ധതിയുമായി മലപ്പുറം ജില്ല പഞ്ചായത്ത് നന്നമ്പ്ര ഡിവിഷൻ അംഗം ശരീഫ് കുറ്റൂർ.
നവം എന്നാണ് അഞ്ചിന പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്.
വികസനം മണ്ണിലും മനസ്സിലും എന്നതാണ് പ്രമേയം. പേരും ലോഗോയും മുഖ്യമന്ത്രി വി.ഡി സതീശൻ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസം, കലാ കായികം, ആരോഗ്യം, കാർഷികം, സ്ത്രീ ശാക്തീകരണം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നവത്തിന് കീഴിൽ നടപ്പിലാക്കും.
വിദ്യാഭ്യാസ മേഖലയിൽ നമ്മുടെ മക്കളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന Aware 360, സ്ത്രീ ശാക്തീകരണ പദ്ധതിയായ SHE BIZ, കായിക മേഖലയുടെ ഉന്നമനത്തിനായി Goal, ജീവനം എന്ന പേരിൽ ആരോഗ്യ പദ്ധതി, കാർഷിക മേഖലയെയും കർഷകരെയും ലക്ഷ്യമിട്ട് ജൈവ ജ്യോതി, കാലത്തെ അഭിസംബോധനം ചെയ്യുന്ന D Next, പാവം ജീവിതങ്ങളിൽ ആശ്വാസം പകരുന്ന സാമൂഹിക ക്ഷേമ ആതുര സേവന പദ്ധതികൾ എന്നിങ്ങനെ പുതുമയുള്ളതും കാലോചിതവുമായ വിഷയങ്ങളിൽ ചില നല്ല തുടക്കങ്ങൾക്ക് ശ്രമിക്കുകയാണ് ലക്ഷ്യം.
ഓരോ മേഖലയിലും വിദഗ്ധരായ ആളുകളുടെ മേൽനോട്ടത്തിൽ പ്രത്യേക വളണ്ടിയർ വിങ് രൂപീകരിക്കും. വിദ്യാർത്ഥികൾ, അധ്യാപകർ, കലാകായിക രംഗത്തുള്ളവർ, കർഷകർ എന്നിവരെയെല്ലാം ഉൾപ്പെടുത്തി വിവിധ പദ്ധതികൾക്ക് രൂപം നൽകും.
ഡിവിഷനിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കർഷകരെയും സന്നദ്ധ സംഘടനാ പ്രതിനിധികളെയും പദ്ധതിയുമായി സഹകരിപ്പിച്ച് മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. ഓരോ മേഖലയിലേയും വിദഗ്ധരുമായിട്ടുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് പദ്ധതിക്ക് അന്തിമ രൂപം നൽകിയത്.
മത രാഷ്‌ട്രീയ സാമൂഹിക സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ എന്നിവരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള സദസ്സിൽ പദ്ധതിയുടെ പൂർണ രൂപം വിശദീകരിക്കും.