
തിരൂരങ്ങാടി: ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നടപടികളുടെ ഭാഗമായി താനൂര്‍ ഡി.വൈ.എസ്.പി സുനില്‍ പുളിക്കല്‍ ചെമ്മാട്ടെ മുന്‍ സര്‍ക്കിള്‍ ഓഫീസ് കെട്ടിടവും പരിസരവും സന്ദര്‍ശിച്ച് പരിശോധന നടത്തി.
പരപ്പനങ്ങാടി, തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് തിരൂരങ്ങാടി സര്‍ക്കിള്‍ രൂപീകരിക്കുക. കല്‍പകഞ്ചേരിയില്‍ പുതിയ സര്‍ക്കിള്‍ ഓഫീസ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ചത്. തിരൂരങ്ങാടി സർക്കിൾ ഓഫീസ് കൽപ്പകഞ്ചേരി സർക്കിൾ ഓഫീസിന് കീഴിൽ ആക്കാനായിരുന്നു തീരുമാനം ഉണ്ടായിരുന്നത്. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലുള്ള മൂന്നിയൂർ ചേളാരി, എ ആർ നഗർ കുന്നുംപുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് സർക്കിൾ ഓഫീസിലേക്ക് പോകാൻ 30 കിലോമീറ്ററിലേറെ ദൂരമുണ്ട്. ഇത്രയും ദൂരെ യുള്ള ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് പോകുന്നത് ഏറെ പ്രയാസമാണ്.
പി.എം.എ സമീര്‍ എം.എല്‍.എ ആഭ്യന്തര വകുപ്പ് മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുകയും തിരൂരങ്ങാടി മണ്ഡലം മുസ്‌ലിംലീഗും മുസ്‌ലിം യൂത്ത്‌ലീഗും കോൺഗ്രസ്, സിപിഎം, ബിജെപി ഉൾപ്പെടെ വിവിധ പാർട്ടികളും സംഘടനകളും ജില്ലാ പൊലീസ് മേധാവിയെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ നിലനിര്‍ത്താന്‍ തീരുമാനമായത്.
താലൂക്ക് ആസ്ഥാനമെന്ന നിലയിലും താലൂക്ക് ആശുപത്രിക്ക് സമീപമുള്ള പ്രധാന കേന്ദ്രമെന്ന നിലയിലും ജില്ലയിലെ പ്രധാന ടൗണുകളിലൊന്നെന്ന നിലയിലും തിരൂരങ്ങാടിക്കുള്ള പ്രാധാന്യം സര്‍ക്കാരിന്റെ തീരുമാനത്തിന് അനുകൂലമായി. കൂടാതെ, നേരത്തെ സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും വിശാലമായ സ്ഥലവും ഇവിടെ ലഭ്യമാണെന്നതും പരിഗണിക്കപ്പെട്ടു.
അഞ്ച് ദിവസത്തിനകം പരിസരം വൃത്തിയാക്കി കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ഡി.വൈ.എസ്.പി തിരൂരങ്ങാടി എസ്.എച്ച്.ഒയ്ക്ക് നിര്‍ദേശം നല്‍കി. ആവശ്യമായ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവര്‍ത്തനങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കും.
സര്‍ക്കിള്‍ ഓഫീസ് തിരൂരങ്ങാടിയില്‍ തന്നെ സ്ഥാപിക്കാന്‍ തീരുമാനമെടുത്ത ആഭ്യന്തര വകുപ്പിനെയും ഇതിനായി ഇടപെട്ട പി.എം.എ സമീര്‍ എം.എല്‍.എയെയും തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ. റസാഖ് അഭിനന്ദിച്ചു.