ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി.

നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

പദവിയുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി കൊണ്ടോട്ടി നഗരസഭയില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിലെ പ്രധാന രണ്ട് കക്ഷികള്‍ തമ്മിലുള്ള തര്‍ക്കം മുന്നണിക്ക് ആശങ്കയായിട്ടുണ്ട്.

error: Content is protected !!