
വേങ്ങര : പറപ്പൂര്‍ സൂപ്പി ബസാറില്‍ നിന്ന് 6.9 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലെകൃഷ്ണ നഗര്‍ സ്വദേശി സമീം മൊണ്ടാലി(28)ആണ് അറസ്റ്റിലായത്. ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൂപ്പി ബസാര്‍ ജംഗ്ഷനിലെ ക്വാര്‍ട്ടേഴ്‌സില്‍ പൊലിസ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികള്‍ക്കും, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ വില്‍പ്പനയ്ക്കായി നാട്ടില്‍ നിന്ന് കൊണ്ടുവന്ന വലിയ പായ്ക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടിച്ചെടുത്തത്.
പരിശോധനക്ക് കോട്ടക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അശ്വിത് എസ് കരണ്‍മയില്‍, വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബിജു റ്റി.ഡി, സി.സി രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിതേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, ജയരാജ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിയെ മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.