
വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമിക് സൗകര്യങ്ങളും പരിശീലനകേന്ദ്രങ്ങളുമൊരുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല സഹകരണം തേടുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ മികവുയര്‍ത്താനാണ് ശ്രമമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു. ഇതിന്റെ ഭാഗമായുള്ള ആദ്യ പദ്ധതിയാണ് ഫെഡറല്‍ ബാങ്കുമായി സഹകരിച്ചുള്ള പ്ലേസ്‌മെന്റ് ആന്റ് ട്രെയിനിങ് സെന്റര്‍. മൂന്നുമാസത്തിനകം ഇത് യാഥാര്‍ഥ്യമാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ കാമ്പസില്‍ താമസിച്ച് ലാബുകളും ലൈബ്രറികളും ഉപയോഗപ്പെടുത്താനും ഗവേഷണ മേഖല പരിചയപ്പെടാനും സൗകര്യം നല്‍കുന്ന സ്റ്റുഡന്റ്‌സ് സെന്ററാണ് പരിഗണനയിലുള്ള മറ്റൊരു പദ്ധതി. വിദേശരാജ്യങ്ങളുടേതിന് സമാനമായി ഫെസിലിറ്റി സെന്ററും സ്ഥാപിക്കേണ്ടതുണ്ട്. വന്‍കിട സ്ഥാപനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ടും പൂര്‍വവിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെയുള്ള സ്വകാര്യ വ്യക്തികളുടെ സംഭാവനകളുമെല്ലാം ഇതിലേക്ക് പ്രയോജനപ്പെടുത്തുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.