
താനൂർ മുനിസിപ്പാലിറ്റിയേയും നന്നമ്പ്ര പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിനുള്ള പദ്ധതിക്ക് വീണ്ടും ചിറക് മുളക്കുന്നു. . പി.കെ. നവാസ് എം.എൽ.എയുടെ സജീവ ഇടപെടൽ ഈ സ്വപ്നത്തിന് വീണ്ടും നിറം പകർന്നിരിക്കുന്നു.
താനൂർ മുനിസിപ്പാലിറ്റിയിലെ ഓലപ്പീടികയിൽ നിന്നും ആരഭിച്ച് മാലിദ്വീപ് വഴി നന്നമ്പ്ര പഞ്ചായത്തിലെ ഇരുപത്തി നാലാം വാർഡിലെ കൊടിഞ്ഞി തിരുത്തി – പാലപ്പുറത്തായം പീലിയം റോഡിൽ ഇത് ചെന്ന് ചേരും. റോഡിന്റെ താനൂർ മണ്ഡലത്തിലെ ഭാഗം നേരത്തെ തന്നെ ഭാഗികമായി പൂർത്തിയായിട്ടുണ്ട്. താനൂരിലെ മുൻ ജനപ്രതിനിധികൾ ഫണ്ട് അനുവദിച്ചതിനാലാണ് താനൂരിലെ ഭാഗം ഭാഗികമായി പൂർത്തിയാക്കാൻ കഴിഞ്ഞത്. താനൂരും നന്നമ്പ്രയുമായി അതിർത്തി പങ്കിടുന്ന പെരുന്തോടിന് കുറുകെ പാലം നിർമ്മിച്ചാൽ മാത്രമേ നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയുമായി റോഡിനെ ബന്ധിപ്പിക്കാൻ കഴിയു. താനൂർ മുനിസിപ്പാലിറ്റിയിൽ രണ്ടര കിലോമീറ്ററിൽ അധികവും നന്നമ്പ്ര പഞ്ചായത്തിലെ ഭാഗത്ത് ഏകദേശം രണ്ട് കിലോമീറ്ററോളം നീളവും വരും.
മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച കന്നി ബജറ്റിൽ തന്നെ പെരുന്തോടിന് കുറുകെ പാലം നിർമ്മിക്കാൻ തുക വകയിരുത്തിയിരുന്നു. അതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അധികൃതർ പ്രദേശം സന്ദർശിച്ച് സാധ്യത പഠനത്തിന് എസ്റ്റിമേറ്റും തയ്യാറാക്കി. തുടർന്ന് പാലം നിർമ്മാണത്തിന്റെ സാധ്യത പഠനത്തിനായി പൊതുമരാമത്ത് വകുപ്പ് 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. പദ്ധതിക്ക് ഭരണാനുമതിയും, സാങ്കേതികാനുമതിയും ലഭിച്ചതായി പി.കെ. നവാസ് എം.എൽ.എ. അറിയിച്ചു. എം.എൽ.എ യുടെ ഇടപെടലുകളാണ് അതിവേഗം തുക അനുവദിക്കാൻ കാരണമായത്. സാധ്യതാ പഠനത്തിനുള്ള ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. സാധ്യതാ പഠനത്തിന് ശേഷം പാലത്തിന്റെ ഡിസൈൻ തയ്യാറാക്കി ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും. എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്ത ഉടനെ തന്നെ പി.കെ. നവാസ് പ്രദേശം സന്ദർശിച്ചിരുന്നു.
ചീർപ്പിങ്ങൽ പ്രദേശത്ത് ഒറ്റപ്പെട്ടു കിടക്കുന്ന താനൂർ നഗരസഭയിലെ ആറ് കുടുംബങ്ങൾക്കും ഈ റോഡ് വലിയ അനുഗ്രഹമാകും.
ടൂറിസത്തിന്റെ വലിയ സാധ്യതകളാണ് ഈ റോഡ് വരുന്നതോടെ യാഥാർഥ്യമാവുക. മാലിദ്വീപ് പാറയിൽ, ന്യൂ കട്ട്-കീരനല്ലൂർ, ചീർപ്പിങ്ങൽ സയൻസ് പ്ലാനറ്റേറിയം, പ്രസിദ്ധമായ കൊടിഞ്ഞി പള്ളി എന്നിവിടങ്ങളിലേക്കും കൊടിഞ്ഞിയിൽ നിന്നും താനൂർ തൂവൽ തീരം, താനൂർ ഹാർബർ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താനാകും. ടൂറിസം സാധ്യതകൾക്ക് പുറമെ കാർഷിക മേഖലയിലും വലിയ ഉണർവ്വേകും. ഇതുവഴിയുള്ള യാത്രയും മനോഹരമാകും.
ഇവിടെ പാലം നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പി.കെ. നവാസ് എം.എൽ.എ ക്ക് താനൂർ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയും, മാലിദ്വീപ് ഡിവിഷൻ കൗൺസിലറും നിവേദനം നൽകിയിരുന്നു.