Wednesday, June 24

മമ്പുറം തങ്ങൾ ആണ്ട് നേർച്ച സമാപനം ഇന്ന്; രാവിലെ 8 മുതൽ അന്നദാനം

ഒരു ലക്ഷം പേർക്ക് അന്നദാനം.

തിരൂരങ്ങാടി(മമ്പുറം): സമാപന ദിവസമായ ഇന്ന് രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ അധ്യക്ഷനാവും. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയാകും. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമുലല്ലൈൽ, എ.പി സുധീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചയ്ക്ക് ഒന്നരക്ക് സമസ്‌ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിലുള്ള ഖത്മ് ദുആ സദസ്സോടെ എട്ടുദിവസം നീണ്ടുനിന്ന 188-ാം മമ്പുറം ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തിയാവും

മമ്പുറം ആണ്ടുനേർച്ചയോടനുബന്ധിച്ചുള്ള മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്‌ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും ഇന്നലെ പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രാര്‍ഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുൽഹുദാ ജനറൽ സെക്രട്ടറി യു. ശാഫി ഹാജി സ്വാഗതം പറഞ്ഞു.

ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിൽ മമ്പുറം മഖാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജില്‍നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ 9 ഹാഫിളീങ്ങള്‍ക്കുള്ള ബിരുദ ദാനം ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. ടി.കെ അബൂബക്കർ മുസ്‌ലിയാർ,ഡോ. അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അബ്ദുൽ ഗഫൂർ അൻവരി മുതൂർ, ഉനൈസ് ഹുദവി പാതാർ, വി.പി കോയക്കുട്ടി തങ്ങൾ മമ്പുറം തുടങ്ങിയവർ പങ്കെടുത്തു.

9 വിദ്യാർത്ഥികൾ ഹാഫിള് പട്ടം സ്വീകരിച്ചു.

തിരൂരങ്ങാടി : ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിക്ക് കീഴിൽ മമ്പുറം മഖാമിനോട് ചേർന്ന് പ്രവർത്തിക്കുന്ന മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്ന് ഖുർആൻ മനപാഠമാക്കിയ 9 വിദ്യാർത്ഥികൾ ഹാഫിള് പട്ടം സ്വീകരിച്ചു. മൂന്ന് വർഷത്തെ ഹിഫ്ള് പഠനകാലയളവിൽ ഖുർആൻ പഠനവും ഭൗതിക പഠനവും ഉൾകൊള്ളുന്നു. നിലവിൽ ഇവർ ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ തുടർ പഠനം നടത്തിവരികയാണ്.

ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം

തിരൂരങ്ങാടി : 188-ാം മമ്പുറം ആണ്ടുനേർച്ചയുടെ സമാപന ദിവസമായ ഇന്ന് ഒരു ലക്ഷത്തിലധികം പേർക്ക് അന്നദാനം നൽകും. അന്നദാനത്തിനായുള്ള ഒരുക്കങ്ങൾ ദാറുൽഹുദാ കാമ്പസിലും മഖാം പരിസരത്തും തുടങ്ങിക്കഴിഞ്ഞു. ജാതി മത ഭേദമന്യേ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്നദാനത്തിനായി എത്തിച്ചേരുന്ന തീർത്ഥാടകർക്കായി ഒരു ലക്ഷത്തിലധികം നെയ്ച്ചോർ പാക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ദാറുൽഹുദായിലെ അധ്യാപകരുടെയും മാനേജ്മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ ആയിരത്തിലധികം വിദ്യാർഥികൾ ചേർന്ന് നെയ്ച്ചോർ പ്രത്യേക പാക്കറ്റുകളിലാക്കി ലോറികളിലായി മമ്പുറത്തെത്തിക്കും. തുടർന്ന് പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഒരുക്കിയ വ്യത്യസ്ത കൗണ്ടറുകളിൽ നിന്ന് പാക്കറ്റുകൾ വിതരണം ചെയ്യും.

error: Content is protected !!